പുഞ്ചിരി തൂകിക്കൊണ്ട് ദലൈലാമ ഒരാപ്പിൾ എനിക്കു നേരെ നീട്ടി. എന്നിട്ട് ഭവ്യതയോടെ ചോദിച്ചു: ഏതു ഭാഷയിലാണ് താങ്കളുടെ പത്രം? മലയാളം എന്നു പറഞ്ഞപ്പോൾ എന്തെന്നറിയാതെ ആ മുഖം വികസിച്ചു. ചോദ്യങ്ങൾ വീണ്ടും വന്നു. മലയാളത്തിലെ മാദ്ധ്യമങ്ങൾ, ഭാഷയുടെ പ്രധാന്യം, പത്രങ്ങളുടെ രീതി... അങ്ങനെ ഒന്നൊന്നായി ചോദ്യങ്ങൾ. കേരളത്തിൽ ജീവിതചര്യയുടെ ഭാഗമാണ് പത്രവായന എന്നും, തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് വടക്കോട്ട് യാത്രചെയ്താൽ രാവിലെ പത്രം വായിക്കുന്നവരെ എവിടെയും കാണാമെന്നും പറഞ്ഞപ്പോൾ വീണ്ടും പുഞ്ചിരി തൂകി. ഇനി അങ്ങ് ചോദിക്കൂയെന്ന് എന്നോടു പറഞ്ഞു.
പ്രായത്തിൽ നേർപകുതിയിൽ താഴെപ്പോലും വരാത്ത ഒരു യുവ പത്രപ്രവർത്തകനോട് ആ മഹാനായ ബുദ്ധസന്യാസി കാട്ടിയ ലാളിത്യം ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മുപ്പത്തിയാറ് വർഷങ്ങൾ മുമ്പായിരുന്നു അത്. പത്രപ്രവർത്തനത്തിലെ തുടക്കകാലം. നോബൽ സമ്മാനിതനായ ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ കുടകിനടുത്ത് ബൈലെക്കൂപ്പയിലെത്തുന്നതിനാൽ അത് കവർ ചെയ്യാനുള്ള അസൈൻമെന്റ് ലഭിച്ചു. നോബൽ സമ്മാനം പ്രഖ്യാപിച്ചശേഷം ആദ്യമായിട്ടായിരുന്നു ഹിമാചൽപ്രദേശിലെ ധരംശാലയിൽ നിന്നുള്ള വരവ്. അവിടെ ഒരാഴ്ചയുണ്ടാകും. വലിയ സ്വീകരണ പരിപാടിയുണ്ട്. ഫോട്ടോഗ്രാഫറുമൊത്ത് പോകണമെന്നും, ഒരു ഇന്റർവ്യൂ എടുക്കണമെന്നും അന്ന് നിർദ്ദേശം ലഭിച്ചു.
ദലൈലാമ വരുന്നതിന് ഒരുദിവസം മുമ്പേ പകൽ അവിടെയെത്തി. ബൈലെക്കൂപ്പയിലെ സെരെ മൊണാസ്ട്രിയിലാണ് ദലൈലാമ എത്തുന്നത്. നാംദ്രോലിംഗ് മൊണാസ്ട്രിയെന്നാണ് പേരെങ്കിലും അവിടെയുള്ളവർ സെരെ മൊണാസ്ട്രിയെന്നാണ് പറയുക. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടിബറ്റൻ സെറ്റിൽമെന്റാണ്. കുടക് ജില്ലയിലെ കുശാൽ നഗറിൽ നിന്ന് ആറു കിലോമീറ്റർ അകലെ മനോഹരമായ സ്ഥലം. ഗോൾഡൻ ടെംപിൾ എന്നും പറയും. പതിനാറായിരത്തോളം ടിബറ്റൻ അഭയാർത്ഥികൾ ബൈലെക്കൂപ്പയിൽ പാർക്കുന്നു; അറുനൂറിലധികം സന്യാസിമാരും. വലിയ ബുദ്ധ പ്രതിമകളുടെ സമുച്ചയമാണ് ഗോൾഡൻ ടെംപിൾ. ചൈനയുടെ കൈയേറ്റത്തെത്തുടർന്ന് പലായനം ചെയ്ത ടിബറ്റൻ അഭയാർത്ഥികൾ 1960-ഓടെ ഇവിടെയും ചേക്കേറുകയായിരുന്നു.
സെരെ അങ്കണത്തിൽ എത്തുമ്പോൾ അവിടെ പിങ്കും ചുവപ്പും കലർന്ന നിറമുള്ള വേഷം ധരിച്ച ബുദ്ധ സന്യാസിമാർ ഡ്യൂംഗ്ചൽ എന്ന സംഗീത ഉപകരണം മുഴക്കുകയാണ്. നമ്മുടെ കൊമ്പും കുഴലുമെന്നപോലെ. ലാമയ്ക്കുള്ള സ്വീകരണത്തിന്റെ പരിശീലനമാണ്. അവിടെവച്ച് രണ്ടുപേരെ പരിചയപ്പെട്ടു. ഒന്ന് നൊവാംഗ് ചെനെ. ദലൈലാമയുടെ ആരാധികയും ഗൈഡുമാണ്. ടിബറ്റൻ വംശജ. മറ്റൊരാൾ ലൂയിസ് റൊമാനോ. അമേരിക്കൻ വനിതാ ജേർണലിസ്റ്റ്. ദലൈലാമയെക്കുറിച്ച് 'ലൈഫ്" മാഗസിനിൽ ജീവിതകഥയെഴുതുന്ന ആൾ. ദലൈലാമയുമായി വലിയ അടുപ്പം. ആദ്യ ദിവസംതന്നെ ദലൈലാമയുടെ വരവിനെയും പോക്കിനെയും കുറിച്ച് വ്യക്തമായ ധാരണ ഇരുവരിൽ നിന്നും ലഭിച്ചു. ലൂയിസ് ധരംശാല വഴി വന്നതാണ്.
മൊണാസ്ട്രിയിലേക്ക് തിരിയുന്ന ഒരു ജംഗ്ഷനിൽ ദലൈലാമയ്ക്ക് സ്വാഗതമോതുന്ന വൻ കവാടം സ്ഥാപിച്ചിരുന്നു. അവിടെ പ്രാദേശിക തലത്തിൽ ഒരു സ്വീകരണം ഒരുക്കിയിരുന്നു. ദലൈലാമ അവിടെയിറങ്ങുമെന്ന പ്രതീക്ഷയിൽ ജനം തടിച്ചുകൂടിയിരുന്നു. പക്ഷെ കാറിലിരുന്ന് കൈവീശുകയല്ലാതെ ഇറങ്ങില്ലെന്ന് ലൂയിസ് നേരത്തെ എന്നോടും ഫോട്ടോഗ്രാഫറോടും പറഞ്ഞിരുന്നു. ആ ജംഗ്ഷനിൽ നിന്ന് പിന്നെയും സാമാന്യം നല്ല ദൂരമുണ്ട് മൊണാസ്ട്രിയിലേക്ക്. ദലൈലാമ വരുന്നതറിഞ്ഞ് കണ്ണൂരിൽ നിന്ന് പ്രമുഖ മലയാള പത്രങ്ങളുടെയും ബാംഗ്ളൂരിൽ നിന്ന് ഇംഗ്ളീഷ് പത്രങ്ങളുടെയുമൊക്കെ മാദ്ധ്യമ സംഘം എത്തിയിരുന്നു. അന്ന് ദൂരദർശൻ അല്ലാതെ ചാനൽപ്പടയില്ല.
ദലൈലാമ വന്നതും കൈവീശി അഭിവാദ്യം ചെയ്ത് കാർ നിറുത്താതെ പോയി. ലൂയിസിന്റെ വാഹനത്തിൽ കയറി ഞാനും ഫോട്ടോഗ്രാഫറും പിന്നാലെയും. അവിടെ ഇറങ്ങുമെന്ന കണക്കുകൂട്ടലിൽ മറ്റു മാദ്ധ്യമപ്രവർത്തകർ ആ പോക്ക് പ്രതീക്ഷിച്ചതുമില്ല. ഞങ്ങൾ ചെന്ന് സെരെ മൊണാസ്ട്രിക്കകത്തു കയറി. അപ്പോഴേക്കും വാതിലുമടച്ചു. പിന്നെ ഒരു മണിക്കൂറോളം പ്രാർത്ഥനയായിരുന്നു. കാര്യമായി ഒന്നുമില്ല. പുറത്തിറങ്ങിയപ്പോൾ മറ്റു മാദ്ധ്യമപ്രവർത്തകർ പൊതിഞ്ഞു. അവിടെ നടന്ന ചടങ്ങുകൾ എല്ലാവർക്കും വിശദീകരിച്ചു. എല്ലാവരുടെയും ലക്ഷ്യം ലാമയുടെ അഭിമുഖം തന്നെ. ലാമയുടെ വരവ് പ്രമാണിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക പ്രതിനിധി ആർ.എസ്. ഭാട്ടിയ എന്ന സിഖ് ഐ.എ.എസ് ഓഫീസർ അവിടെയെത്തിയിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടു.
ലാമ വിശ്രമിക്കുകയാണെന്നും സന്ദർശനം ഒരാഴ്ചത്തേക്കായതിനാൽ എല്ലാ മാദ്ധ്യമങ്ങളുടെയും പ്രതിനിധികളുമായി മൂന്നാം ദിവസം ഒരുമിച്ച് കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക സന്ദേശം മൊണാസ്ട്രി അധികൃതർ നൽകി. അത്രയും ദിവസം അവിടെ നിൽക്കുന്നത് ആലോചിച്ചപ്പോൾ എങ്ങനെയും ഒരു ഇന്റർവ്യൂ തരപ്പെടുത്തണമെന്ന ചിന്ത ബലപ്പെട്ടു. അപ്പോഴാണ് ലൂയിസിന്റെ സൗഹൃദം തുണച്ചത്. ലാമയുടെ ജീവിതകഥ എഴുതുന്നയാളെന്ന നിലയിൽ എല്ലാ ദിവസവും അവർക്ക് അരമണിക്കൂർ അപ്പോയിന്റ്മെന്റുണ്ട്. മറ്റുള്ളവർ മദാമ്മയെ അവഗണിച്ചപ്പോൾ നമ്മൾ ഉണ്ടാക്കിയ ചങ്ങാത്തം പ്രയോജനകരമായി.
അടുത്ത ദിവസം രാവിലെ ലൂയിസും ഞാനും ഫോട്ടോഗ്രാഫറുമായാണ് ദലൈലാമയെ കണ്ടത്. ലൂയിസ് പരിചയപ്പെടുത്തി. ഒരു എക്സ്ക്ളുസീവ് ലഭിച്ച ആവേശം. അന്ന് ആദ്യം ചോദിച്ചത് പോളണ്ടും പൂർവ ജർമ്മനിയുമൊക്കെ വഴിമാറിയ വിഷയമാണ്. ദലൈലാമ വാചാലമായി സംസാരിച്ചു. വേരുകളിലേക്ക് മടങ്ങാൻ കൊതിക്കുന്ന ടിബറ്റിന് പൂർവ യൂറോപ്പ് പ്രതീക്ഷ പകരുന്നു എന്നാണ് ലാമ പ്രധാനമായും വിശദീകരിച്ചത്. അരമണിക്കൂറിലധികം നീണ്ട ആ സംഭാഷണത്തിനൊടുവിൽ അനുഗ്രഹിക്കുന്നതുപോലെ ദലൈലാമ എന്റെ തലയിൽ തൊട്ടു. ഒന്നാം പേജിൽ എട്ടുകോളത്തിൽ വന്ന ആ എക്സ്ക്ളുസീവ് അഭിമുഖത്തിന്റെ തലക്കെട്ട് 'പൂർവ യൂറോപ്പ് പ്രതീക്ഷ പകരുന്നു: ദലൈലാമ" എന്നായിരുന്നു. ചൈനയിൽ നിന്ന് മോചിതമാകുന്ന ടിബറ്റിന്റെ പ്രഭാതമാണ് ലാമയുടെ വാക്കുകളിൽ നിഴലിച്ചത്.
നാളെ നവതിയിൽ അദ്ദേഹം എത്തുമ്പോഴും അതൊരു സ്വപ്നമായി അവശേഷിക്കുന്നു. പക്ഷെ ദലൈലാമ എന്ന വിശുദ്ധൻ നീട്ടിയ ആപ്പിളിന്റെ മധുരം ഇന്നും മാഞ്ഞിട്ടില്ല. പിറന്നാൾ ആശംസകൾ, പ്രിയപ്പെട്ട ദലൈലാമ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |