ഉപ്പു മുതൽ കർപ്പൂരം വരെ ഓൺലൈനായി വാങ്ങുകയും വിറ്റഴിക്കുകയും ചെയ്യുന്ന കാലമാണിത്. ഡിജിറ്റലായി പണമടച്ചാൽ സാധനങ്ങൾ നമ്മുടെ കൈയിലെത്തും. അംഗീകൃതമായ ഈ ഇടപാടിന്റെ അധോലോക രൂപമാണ് ഡാർക്ക്നെറ്റ്.
നിയമവിരുദ്ധവും രഹസ്യാത്മകവുമായ ഇടപാടുകൾക്ക് ലോകമെങ്ങും കുപ്രസിദ്ധമാണ് ഡാർക്ക്നെറ്റ്. മയക്കുമരുന്ന് മുതൽ കുട്ടികളുടെ അശ്ളീലചിത്രങ്ങളുടെ വരെ ഇടപാടുകൾ ഡാർക്ക്നെറ്റിൽ നടക്കുന്നു. ക്രിപ്‌റ്റോ കറൻസി എന്ന സാങ്കല്പിക പണമാണ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്.
മൂവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക്നെറ്റ് ഉപയോഗിച്ച് നടത്തിയിരുന്ന മയക്കുമരുന്ന് വ്യാപാരം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പിടികൂടിയതോടെ ഡാർക്ക്നെറ്റും ക്രിപ്‌റ്റോ കറൻസിയും വീണ്ടും ചർച്ചയായിരിക്കുകയാണ്.
ഇന്റർനെറ്റിലെ അതീവരഹസ്യമായ ശൃംഖലകളാണ് ഡാർക്ക്നെറ്റുകൾ. സെർച്ച് എൻജിനുകളുടെ പരിധിയിൽ ഇവ വരില്ലെന്നതാണ് ഡാർക്ക്നെറ്റ് എന്ന് വിളിക്കാൻ കാരണം. സാധാരണ വെബ്സൈറ്റുകൾ ആർക്കും ഉപയോഗിക്കാനാകും. എന്നാൽ ഡാർക്ക്നെറ്റുകളിൽ നേരിട്ട് പ്രവേശിക്കാനാകില്ല. അതിനായി പ്രത്യേക സോഫ്‌റ്റ്‌വെയറുകളും അക്കൗണ്ടുകളും ആവശ്യമാണ്. ടോർ പോലുള്ള സോഫ്‌റ്റ്‌വെയറുകൾ, പാസ്‌വേർഡ് കോൺഫിഗറേഷൻ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ, പ്രത്യേക പ്രോട്ടോക്കോൾ എന്നിവയിലൂടെ മാത്രമേ ഡാർക്ക്നെറ്റിൽ കയറാനാകൂ. ഫ്രണ്ട് ടു ഫ്രണ്ട്, പിയർ ടു പിയർ എന്നീ നെറ്റ്‌വർക്കുകളിലൂടെ ഡാർക്ക്‌വെബ് സന്ദർശിക്കാം. ടോർ, ഫ്രീനെറ്റ്, ഐ 2 പി എന്നിവയാണ് ഡാർക്ക് വെബിലേക്കുള്ള പ്രവേശന മാർഗങ്ങൾ.
അജ്ഞാതം, നിഗൂഢം
ഗൂഗിൾ പോലുള്ള കമ്പനികളുടെ സെർവർ ഉപയോഗിച്ചാണ് വെബ്സൈറ്റുകൾ തയ്യാറാക്കുന്നത്. അവയ്‌ക്ക് പൊതുവായ ഐ.പി അഡ്രസ് ഉണ്ടാകും. ഡാർക്ക്നെറ്റ് പൊതുസംവിധാനങ്ങളുമായി ബന്ധപ്പെടാതെ നിഗൂഢ രീതിയിലാണ് പ്രവർത്തിക്കുന്നത്. ടോർ എന്ന ബ്രൗസറാണ് കൂടുതലായി ഉപയോഗിക്കുന്നത്. അവയുടെ വെബ്സൈറ്റ് അഡ്രസ് വ്യത്യസ്തമാണ്. സാധാരണ വെബ്സൈറ്റുകളുടെ പേര് ചെറുതായിരിക്കും. എന്നാൽ ഡാർക്ക്നെറ്റ് അഡ്രസ് വലുതായിരിക്കും. 27 അക്ഷരങ്ങൾ വരെയും അവസാനം ഡോട്ട്ഒനിയൻ എന്നുമായിരിക്കും വിലാസം.
സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യക്തികൾക്ക് ഡാർക്ക്നെറ്റ് ഹോസ്റ്റ് ചെയ്യാം. മയക്കുമരുന്ന്, ആയുധം എന്നിവയുടെ ഇടപാട് നടത്തുന്നവർക്ക് ഡാർക്ക്നെറ്റിൽ പ്രവേശിക്കാനാകും. കെറ്റാമെലോൺ എന്ന പേരിലാണ് മൂവാറ്റുപുഴ സ്വദേശി ഡാർക്ക്നെറ്റിൽ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. ഡാറ്റ കൈമാറുന്നതിനിടെ ഒന്നിലേറെ സെർവറുകളെ ബന്ധിപ്പിക്കലാണ് ഡാർക്ക്‌വെബിന്റെ രീതി. ഇടപാടുകാരന്റെ വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കും. ഐ.പി അഡ്രസ്, ലൊക്കേഷൻ എന്നിവ മറ്റാർക്കും ലഭിക്കില്ല.
നിയമങ്ങൾക്കതീതം
സാധാരണ സൈറ്റുകൾ നിയമപരമായ വ്യവസ്ഥകൾ പാലിക്കണം. അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ഇ- മെയിൽ വിലാസം നൽകണം, ഫോൺ നമ്പരുമായി ബന്ധിപ്പിക്കണം, നൽകുന്ന വിവരങ്ങൾ ശരിയാണോയെന്ന് സ്ഥിരീകരിക്കണം. ഡാർക്ക്നെറ്റിൽ ഇതൊന്നും ആവശ്യമില്ല. അജ്ഞാതനായി ഇടപാട് നടത്താം. അതിനാലാണ് തീവ്രവാദവും മയക്കുമരുന്നിടപാട് പോലുള്ളവ വ്യാപകമാകുന്നത്.
ഇടപാടുകൾ
തീവ്രവാദപ്രവർത്തനം, പ്രചാരണം
മയക്കുമരുന്ന് വില്പനയും വാങ്ങലും
ആയുധക്കച്ചവടം
കള്ളക്കടത്ത്
ചോർത്തുകയോ മോഷ്‌ടിക്കുകയോ ചെയ്യുന്ന ഡാറ്റകളുടെ വിപണനം
വ്യാജ ഉത്പന്ന വില്പന
സൈബർ ആക്രമണം, കുട്ടികളുടെ അശ്ളീലചിത്രങ്ങളുടെ വിപണനം
അനധികൃത പണമിടപാട്
വിദ്വേഷ, ദുഷ്‌പ്രചാരണങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |