ന്യൂഡൽഹി: ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഇക്കാലത്തും ഭീഷണി നേരിടുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്‌ജി അഭയ് എസ്. ഓക. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്‌ജി നിയമനത്തിന് കൊളീജിയം അയക്കുന്ന ശുപാർശകളിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം വൈകുന്നത് ഇതിനു തെളിവാണ്. കഴിഞ്ഞ മേയ് 23ന് വിരമിച്ച ജസ്റ്റിസ് ഓക, ഗോവ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു. സുപ്രീംകോടതി കൊളീജിയം അയയ്ക്കുന്ന ശുപാർശകളിൽ ഒരു വർഷത്തിലേറെ അടയിരിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 മാസത്തിനു ശേഷം നിയമനം
2024 സെപ്‌തംബറിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌ത രണ്ടു അഭിഭാഷകരെ ബോംബെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിച്ച് കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കി. നിയമന ശുപാർശകളിൽ കേന്ദ്രം വേഗം തീരുമാനമെടുക്കുന്നില്ലെന്ന് ജുഡിഷ്യറിയിൽ നിന്നടക്കം പരാതിയുണ്ട്. ശുപാർശ ചെയ്‌ത് 10 മാസത്തിനുശേഷമാണ് മഹാരാഷ്ട്രയിലെ അഭിഭാഷകരായ ഗൗതം അശ്വിൻ അൻഖദ്, മഹേന്ദ്ര മാധവ്റാവു നെർലികർ എന്നിവരെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിച്ചത്. പത്ത് ഹൈക്കോടതികളിലെ ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്താൻ കൊളീജിയം മാരത്തൺ അഭിമുഖം നടത്തി 36 പേരുടെ പട്ടിക കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് അയച്ചിരുന്നു. പഞ്ചാബ് - ഹരിയാന, മദ്ധ്യപ്രദേശ്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ്, പാട്ന, ഗുവാഹത്തി, മേഘാലയ, അലഹബാദ് ഹൈക്കോടതികളിലെ ഒഴിവുകളിലാണിത്.
കൊളീജിയം പ്രവർത്തനത്തിൽ ബാഹ്യ
ഇടപെടൽ അനുവദിക്കില്ല: ചീഫ് ജസ്റ്റിസ് ഗവായ്
ന്യൂഡൽഹി : സുപ്രീംകോടതി കൊളീജിയത്തിന്റെ പ്രവർത്തനത്തിൽ ബാഹ്യ ഇടപെടൽ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. സുതാര്യത ഉറപ്പാക്കും. ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനങ്ങളിൽ നടപടിയെടുക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ബോംബെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |