കൊച്ചി: സിനിമയുടെ പേരിനെ ചൊല്ലിയുള്ള നിയമയുദ്ധത്തിൽ വിധിപറയാൻ വേണ്ടി കേരള ഹൈക്കോടതി ആദ്യമായി നേരിട്ട് സിനിമ കണ്ടു.
ജസ്റ്റിസ് എൻ. നഗരേഷാണ് 'ജാനകി V/S സ്റ്റേറ്റ് ഒഫ് കേരള (ജെ.എസ്.കെ)" സിനിമയെ നിയമപരമായി 'നിരൂപണം" ചെയ്യാൻ തയ്യാറായത് . 'ജാനകി" എന്ന പേരിനെച്ചൊല്ലി സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് നടപടി. കാക്കനാട് പടമുഗൾ പാപ്പള്ളി സാറ്റലൈറ്റ് ടൗൺഷിപ്പിലുള്ള കളർപ്ലാനറ്റ് സ്റ്റുഡിയോസിലായിരുന്നു പ്രത്യേക പ്രദർശനം. ബുധനാഴ്ച വാദം കേൾക്കും.
ഇന്നലെ രാവിലെ 9.50ന് ജസ്റ്റിസ് നഗരേഷ് സ്റ്റുഡിയോയിൽ എത്തി. മിനിട്ടുകൾക്കകം പ്രദർശനം ആരംഭിച്ചു. മൂന്ന് ഹൈക്കോടതി ജീവനക്കാർ, കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അഭിഭാഷകരായ അഡ്വ. എസ്. ബിജു, അഡ്വ. അൽക്ക വാര്യർ, ഹർജി നൽകിയ നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ്സിന്റെ അഭിഭാഷകൻ ആനന്ദ് ബി. മേനോൻ എന്നിവരും സിനിമ കണ്ടു. സെൻസർ ബോർഡിന്റെ അഭിഭാഷകൻ എത്തിയിരുന്നില്ല.അവർക്കായി പിന്നീട് പ്രദർശനമുണ്ടാകും.
പ്രൊഡക്ഷൻ കൺട്രോളർ 'അമൃത" മോഹനും ടെക്നിക്കൽ സ്റ്റാഫും സഹായത്തിനുണ്ടായിരുന്നു. പ്രദർശനം 12.45ന് അവസാനിച്ചു. ഒന്നാം പകുതിക്കുശേഷം ജഡ്ജി 15 മിനിറ്റ് ഇടവേളയെടുത്തു. കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായ സിനിമയാണ് ജെ.എസ്.കെ.
പ്രദർശനം പാലാരിവട്ടത്തെ ലാൽ മീഡിയ സ്റ്റുഡിയോയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങളാൽ കളർ പ്ലാനറ്റിലേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതിയുടെ സുരക്ഷാ ചുമതലയുള്ള ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് വെള്ളിയാഴ്ച സ്റ്റുഡിയോയിൽ എത്തി നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. മാദ്ധ്യമ പ്രവർത്തകർക്കും കോമ്പൗണ്ടിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
സെൻസർ ബോർഡ്
വിശദീകരിക്കും
സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനഭംഗത്തിന് ഇരയാകുന്ന നായികയ്‌ക്ക് 'ജാനകി" എന്ന പേര് നൽകിയതാണ് സെൻസർ ബോർഡ് പ്രശ്നമാക്കിയത്. ടൈറ്റിലിൽ നിന്നും സംഭാഷണത്തിൽ നിന്നും 'ജാനകി" നീക്കണമെന്ന് നിഷ്കർഷിച്ചു. ബോർഡിന്റെ പുനഃപരിശോധനാ കമ്മിറ്രിയും ഇത് ശരിവച്ച സാഹചര്യത്തിലാണ് ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്താൻ തീരുമാനിച്ചത്.
കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ സെൻസർ ബോർഡ് ഇടപെടുകയാണോയെന്ന് ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു.
പേരു മാറ്റണമെന്ന ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും നിരീക്ഷിച്ചിരുന്നു. സെൻസർ ബോർഡ് ബുധനാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |