ജയ്‌പൂർ: രണ്ട് വർഷത്തോളം രാജസ്ഥാൻ പൊലീസ് അക്കാദമിയിൽ സബ് ഇൻസ്‌പെക്ടറായി ആൾമാറാട്ടം നടത്തിയ യുവതി ഒടുവിൽ പിടിയിൽ. മോന ബുഗാലിയ എന്ന മൂളിയാണ് അറസ്റ്റിലായത്. പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ യുവതി വ്യാജ രേഖകളുടെ പിൻബലത്തോടെയാണ് സബ് ഇൻസ്പെക്ടറായി പൊതുസമൂഹത്തിന് മുന്നിൽ തിളങ്ങിയത്.
പൊലീസ് ഉദ്യോഗസ്ഥരുടെ വിരുന്നുകളിലും ചടങ്ങുകളിലും പങ്കെടുത്ത് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുവർഷത്തോളം അവർ പൊലീസിനെയും നാട്ടുകാരെയും പറ്റിച്ചു. പിന്നീട് 2023ൽ തട്ടിപ്പ് പുറത്തായപ്പോൾ ഒളിവിൽ പോയിി. രണ്ട് വർഷങ്ങൾക്ക് ശേഷം രാജസ്ഥാനിലെ സിക്കാറിൽ നിന്നാണ് യുവതിയെ പിടികൂടിയത്.
രാജസ്ഥാനിലെ നാഗൗർ സ്വദേശിയാണ് മോന. പിതാവ് ട്രക്ക് ഡ്രെെവറാണ്. പൊലീസിൽ ജോലിക്ക് കയറുക എന്നത് വലിയ സ്വപ്നമായിരുന്നു. എന്നാൽ 2021ൽ യോഗ്യത പരീക്ഷയിൽ പരാജയപ്പെട്ടു. ശേഷം അവർ 'മൂളി ദേവി' എന്ന വ്യാജ പേരിൽ രേഖകൾ സൃഷ്ടിച്ച് സബ് ഇൻസ്പെക്ടറായി തിരഞ്ഞെടുത്തതായി അവകാശപ്പെടുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കൂടാതെ യൂണിഫോം അണിഞ്ഞ് കറങ്ങി നടന്നു. ചില പൊലീസ് വാട്സാപ്പ് ഗ്രൂപ്പിലും മോന കയറിക്കൂടി പലരുമായി സംവദിക്കുകയും ചെയ്തു. അവരെക്കുറിച്ച് ആർക്കും സംശയം തോന്നിയില്ല. പരേഡ് ഗ്രൗണ്ടിൽ യൂണിഫോമിൽ വരികയും സേനയിലെ പുതിയ അംഗങ്ങളുമായി പരിചയം സ്ഥാപിക്കുകയും ചെയ്തു.
ചില ട്രെയിനി സബ് ഇൻസ്‌പെക്ടർമാർ മോനയുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയം ഉന്നയിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മോന ഒളിവിൽ പോയത്. അറസ്റ്റിന് പിന്നാലെ മോന താമസിച്ച വാടകമുറിയിൽ പൊലീസ് പരിശോധന നടത്തി. ഏഴ് ലക്ഷം രൂപയും മൂന്ന് പ്രത്യേക പൊലീസ് യൂണിഫോമുകളും രാജസ്ഥാൻ പൊലീസ് അക്കാദമിയിലെ പരീക്ഷ പേപ്പറുകളും അവിടെ നിന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |