പാലക്കാട്: കാട്ടുപന്നിക്ക് തയ്യാറാക്കിയ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മാതാവിന്റെ ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ യുവാവായ മകനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാണിയംകുളം പനയൂർ അരാമ്പൊറ്റത്ത് വീട്ടിൽ പ്രേംകുമാറാണ് (45) അറസ്റ്റിലായത്. പ്രേംകുമാറിന്റെ അമ്മ രത്നമാലതിക്കാണ് (69) പരിക്കേറ്റത്. വീട്ടുവളപ്പിലെ പ്ലാവിലെ ചക്ക തിന്നാൻ കാട്ടുപന്നി എത്താറുണ്ട്. പന്നിയെ കുടുക്കാൻ വെള്ളിയാഴ്ച്ച വൈകുന്നേരം കമ്പി കെട്ടി കെണിയൊരുക്കി. രാത്രി 10 മണിക്ക് കെ.എസ്.ഇ.ബി.ലൈനിൽ നിന്ന് കമ്പി ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ച് പ്ലാവിന് താഴെയുള്ള കുറ്റികളിൽ കെട്ടിയിട്ടു. ഇന്നലെ രാവിലെ രത്നമാലതി വീണുകിടക്കുന്ന ചക്ക എടുക്കാൻ ചെന്നപ്പോൾ അവിടെ കെട്ടിയ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രത്നമാലതിയെ രക്ഷപ്പെടുത്തി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വൃദ്ധയുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്. ഷൊർണൂർ സി.ഐ വി.രവികുമാർ, എ.എസ്.ഐ.മാരായ കെ.അനിൽ കുമാർ, സുനിൽ കുമാർ, സി.പി.ഒ.അജി, ഡ്രൈവർ സി.പി.ഒ.അശോകൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതി 2022 ൽ ഷൊർണൂർ എസ്.എൻ കോളേജിന് സമീപം മാല പൊട്ടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |