കോഴിക്കോട്: എയ്ഡഡ് മേഖലയിലെ ഭിന്നശേഷി അദ്ധ്യാപകരുടെ നിയമനത്തിൽ വ്യാജന്മാരുടെ കടന്നുകയറ്റമെന്ന് പരാതി. അർഹതയുള്ളവരെ ലഭിക്കുന്നില്ലെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നിയമനത്തിലെ മെല്ലെപ്പോക്ക് തുടരുന്നതിനിടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവർ കൂടിയാകുമ്പോൾ അർഹരായവർക്ക്
അവസരം നഷ്ടമാകുന്നു.
ഇല്ലാത്ത കാഴ്ചവൈകല്യം ഉണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച്
തട്ടിപ്പ് വ്യാപകമായി നടത്തുകയാണെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലെെൻഡ് എന്ന സംഘടന ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സാമൂഹിക നീതി വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ഈ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ പരാതികൾ കെെമാറിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതികൾ.
40 ശതമാനത്തിലധികം വെെകല്യമുള്ളവർക്കാണ് ഭിന്നശേഷി സംവരണത്തിന് അർഹത. വിവരാവകാശ രേഖ പ്രകാരം 54
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 1402 ഭിന്നശേഷി ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത് കാത്തിരിപ്പുണ്ട്. കെ - ടെറ്റ്, നെറ്റ് ഉൾപ്പടെയുള്ള യോഗ്യതാ പരീക്ഷകളിലും ഭിന്നശേഷിക്കാർക്ക് മാർക്കിളവുണ്ട്. ഇത് ലക്ഷ്യമാക്കിയും വ്യാജ അംഗവെെകല്യ സർട്ടിഫിക്കറ്റുകൾ വ്യാപകമായി നിർമിക്കുന്നുണ്ടെന്നാണ് പരാതി. അംഗവെെകല്യ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മെഡിക്കൽ ബോർഡ് ചേരുന്നതിലുൾപ്പടെയുള്ള നിബന്ധനകളിലും പോരായ്മകളുണ്ട്.
ഏഴു വർഷം മുമ്പ്
ഉത്തരവായി, പക്ഷേ...
'' 2018 ലാണ് എയ്ഡഡ് മേഖലയിൽ ഭിന്നശേഷിക്കാർക്കായി നാല് ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് കേരള സർക്കാർ തീരുമാനിച്ചത്. പിന്നെയും പലതവണ കോടതി കയറിയിറങ്ങിയാണ് ഇത് നടപ്പാക്കുന്ന ഘട്ടമെത്തിയത്.
കാത്തിരിക്കുന്നവർ
(എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തവർ)
216:
എൽ.പി.എസ്.ടി
643:
യു.പി.എസ്.ടി
398:
എച്ച്.എസ്.ടി
145:
എച്ച്.എസ്.എസ്.ടി
5944:
നോൺ ടീച്ചിംഗ് സ്റ്റാഫ്
``വ്യാജ മാഫിയയുടെ കടന്നുകയറ്റം ഞങ്ങൾക്ക് ഭീഷണിയാവുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ അന്വേഷണം നടക്കുകയാണ്. ഇത്തരത്തിൽ കയറിപ്പറ്റിയവരെ എത്രയും പെട്ടെന്ന് പുറത്താക്കി മാതൃകാപരമായ ശിക്ഷ നൽകണം.``
-- ഡോ. സി ഹബീബ്,
കേരള ഫെഡറേഷൻ ഓഫ്
ദി ബ്ലെെന്റ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |