തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപക സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ വിളിച്ച യോഗത്തിൽ പ്രതിഷേധം. 42 അംഗീകൃത അദ്ധ്യാപക സംഘടനകളിൽ പ്രധാന പാർട്ടികളുമായി ബന്ധമുള്ള സംഘടനകൾ മാത്രമാണ് അനുകൂലിച്ചത്.
സംസ്ഥാന സർക്കാർ സ്‌കൂൾ ഏകീകരണത്തിലേക്കു നീങ്ങുന്നതിനെ തുടർന്നാണ് ഹിതപരിശോധനയിൽ സംഘടനകളുടെ അഭിപ്രായം തേടാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി യോഗം വിളിച്ചത്. ഒന്നു മുതൽ 12 വരെ ഒരു യൂണിറ്റായി കണക്കാക്കി നിശ്ചിത അംഗബലമുള്ളവർക്കു അംഗീകാരമെന്നാണ് സർക്കാർ ശുപാർശ. ഇതിനെതിരെയാണ് സംഘടനകളുടെ പ്രതിഷേധം.കെ.എസ്.ടി.എ, എ.കെ.എസ്.ടിയു എന്നീ ഭരണപക്ഷ സംഘടനകളും കെ.പി.എസ്.ടി.എ, എൻ.ടി.യു എന്നീ പ്രതിപക്ഷ സംഘടനകളും ഹിതപരിശോധനയെ അനുകൂലിച്ചു.അംഗബലത്തിന് മാനദണ്ഡമേർപ്പെടുത്തി കാറ്റഗറി സംഘടനകളെ ഒഴിവാക്കുന്നതായി ആരോപിച്ച് മറ്റ് സംഘടനാ നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് 35 സംഘടനകൾ ഒപ്പിട്ട പരാതി മന്ത്രി വി.ശിവൻകുട്ടിക്കു സമർപ്പിച്ചു.
പൊതു സംഘടനകളെന്നോ കാറ്റഗറിയെന്നോ വേർതിരിക്കാതെ പത്തു ശതമാനത്തിൽ കുറയാത്ത അംഗബലമുള്ള സംഘടനകൾക്ക് അംഗീകാരം നൽകണമെന്ന് കെ.പി.എസ്.ടി.എ വാദിച്ചു. പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ് വരെ ഒരു യൂണിറ്റാക്കി, സംഘടനയ്ക്ക് 20 ശതമാനത്തിന്റെ പിന്തുണയെങ്കിലുമുണ്ടെങ്കിൽ അംഗീകാരം നൽകണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു. അർഹതയുള്ളവർക്ക് അംഗീകാരം ലഭ്യമാക്കുന്ന തരത്തിൽ മാനദണ്ഡം ഏർപ്പെടുത്തണമെന്ന് എ.കെ.എസ്.ടി.യു അഭിപ്രായപ്പെട്ടു. എൻ.ടി.യുവും ഹിതപരിശോധനയെ എതിർത്തില്ല.
അദ്ധ്യാപകർക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കുന്നതാണ് ഹിതപരിശോധനയെന്നായിരുന്നു കെ.എസ്.ടി.യു നിലപാട്. ഹയർ സെക്കൻഡറിക്ക് പ്രത്യേകം ഹിതപരിശോധന വേണമെന്നായിരുന്നു എ.എച്ച്.എസ്.ടി.എയുടെ ആവശ്യം. സർക്കാർ -എയ്ഡഡ് അദ്ധ്യാപകർക്ക് ഒരു പോലെയുള്ള ഹിതപരിശോധന പാടില്ലെന്ന് എച്ച്.എസ്.എസ്.ടി.എ അഭിപ്രായപ്പെട്ടു.വിവിധ സംഘടനകളെ ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് കെ.എച്ച്.എസ്.ടി.യു ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |