മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയിൽ കാലപ്പഴക്കം മൂലം പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാഷ്വാലിറ്റി വിഭാഗം പുതിയ ഒ.പി ബ്ലോക്കിലേക്ക് മാറ്റാൻ നടപടി തുടങ്ങി. പഴയ കെട്ടിടം പൂർണ്ണമായും അടച്ചിടാൻ ആശുപത്രി സൂപ്രണ്ടിന് ഇന്നലെ ഡി.എം.ഒ ഉത്തരവ് കൈമാറി. ഒ.പി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ ബി.പി പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സ്ഥലത്തേക്കാണ് കാഷ്വാലിറ്റി മാറ്റുന്നത്. പ്രധാന വഴിയിലൂടെ അല്ലാതെ ഇവിടേക്ക് പ്രത്യേകം പ്രവേശന സൗകര്യമൊരുക്കും. കാഷ്വാലിറ്റി മാറ്റുന്നതിന് മുന്നോടിയായുള്ള പണികൾ ഇന്നലെ തുടങ്ങിയിട്ടുണ്ട്. ഫാബ്രിക്കേഷൻ പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് ചൊവ്വാഴ്ചയോടെ കാഷ്വാലിറ്റി ഇങ്ങോട്ടേക്ക് മാറ്റിയേക്കും. മൾട്ടിപാര മോണിറ്ററോട് കൂടിയ അഞ്ച് ബെഡുകളും ഒരു ഫ്രീ ബെഡും ഉൾപ്പെടെ സജ്ജീകരിക്കും.
പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്ലഡ് സ്റ്റോറേജിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്തിവയ്ക്കും. നിരവധി മാനദണ്ഡങ്ങൾ പൂർത്തിയാക്കി മാത്രമേ ബ്ലഡ് സ്റ്റോറേജ് മറ്റൊരിടത്തേക്ക് മാറ്റാനാവൂ. ഇത് വേഗത്തിൽ നടപ്പിലാക്കുക പ്രായോഗികമല്ല. എക്സ്‌റേ യൂണിറ്റ് മാറ്റാനുള്ള സൗകര്യം നിലവിൽ ആശുപത്രിയിലില്ല. പകരം പോർട്ടബിൾ എക്സ്‌റേ യൂണിറ്റ് ഉപയോഗിക്കും. നടുവിന്റെ ഉൾപ്പെടെയുള്ള എക്സ‌്‌റേ ഇതിൽ എടുക്കാൻ കഴിയില്ലെങ്കിലും കൈ, കാലുകളുടെ എക്സ്‌റേ എടുക്കാനാവും.
കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം നൂറേങ്ങൽ, ആലത്തൂർപടി എന്നിവിടങ്ങളിലെ ഏതെങ്കിലും ഒരു വെൽനെസ് സെന്ററിലേക്ക് മാറ്റും. പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഫിസിയോതെറാപ്പി യൂണിറ്റും ഇവിടേക്ക് മാറ്റും. നേഴ്സുമാരുടെ ഓഫീസ്, നേഴ്സിംഗ് സൂപ്രണ്ട് ഓഫീസ്, ആർ.എം.ഒയുടെ റൂം എന്നിവ ആശുപത്രിയിൽ തന്നെയുള്ള മറ്റിടങ്ങളിലേക്ക് മാറ്റും.
മരുന്ന് സൂക്ഷിക്കാൻ ഇടമില്ല
ഒരു കോടിയോളം രൂപ വില വരുന്ന മരുന്നുകൾ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലെ സ്റ്റോറേജ് റൂമിലുണ്ട്.
മരുന്നുകൾ ഇവിടെ നിന്ന് മാറ്റുന്നതിന് എയർകണ്ടീഷൻ ചെയ്ത വിശാലമായ സ്ഥലം ആവശ്യമാണ്. ആശുപത്രിയിൽ ഇതിനുള്ള സ്ഥല സൗകര്യമില്ല.
സ്റ്റോറേജ് കേന്ദ്രം മലപ്പുറം നഗരസഭയുടെ സഹായത്തോടെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം.
തിങ്കളാഴ്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേരും. കെട്ടിടം പൊളിക്കുന്നതിന് ടെൻഡർ വിളിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഈമാസം തന്നെ കെട്ടിടം പൊളിക്കാനാണ് ശ്രമം.
ഡോ.രാജഗോപാൽ, ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |