പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ പത്ത് വയസുള്ള കുട്ടിയെ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിൾ കോഴിക്കോട്, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം, രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാവിലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. കണ്ടെയ്‌മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. 38 കാരിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം യുവതിയുടെ വീടും പരിസരവും പരിശോധിച്ചു. തച്ചനാട്ടുകരയിലെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച നാലുവാർഡുകളിൽ ആരോഗ്യ വകുപ്പ് സർവേ ആരംഭിച്ചു. രണ്ടു മാസത്തിനിടെ നിപ രോഗ ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നതുൾപ്പെടെയാണ് പരിശോധിക്കുന്നത്. 75 അംഗ സംഘം ഇന്നലെ തുടങ്ങിയ സർവേ ഇന്നു പൂർത്തിയാക്കും. നിപ ബാധിതയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് നേരത്തെ തയാറാക്കിയിരുന്നു. രോഗലക്ഷണം കണ്ടതിനുശേഷം യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയിൽ 91 പേരുള്ളതായാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം,പഞ്ചായത്തിനും ആരോഗ്യവകുപ്പിനുമെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ നൂറുകണക്കിന് വവ്വാലുകളുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മണ്ണാർക്കാട് പെരഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി. നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |