മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ 20 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമ പഞ്ചായത്തുകളിലെ 20 വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. മക്കരപറമ്പ് - ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂട്ടിലങ്ങാടി-11, 15 വാർഡുകൾ, മങ്കട - 14-ാം വാർഡ്, കുറുവ - 2, 3, 5, 6 വാർഡുകളാണിവ.
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 345 പേരാണ് ഉള്ളത്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപ സംശയിച്ചത്.
മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർ ന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളിൽ പാലക്കാട് ചികിത്സയിലുള്ളയാൾ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേർക്കും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളിൽ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങൾ ശേഖരിക്കും. ഇവിടങ്ങളിൽ നിശ്ചിത കാലയളവിൽ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |