പ്രേംനസീറിനെക്കുറിച്ച് നടൻ ടിനി ടോം നടത്തിയ ചില പരാമർശം വിവാദമായിരുന്നു. നസീർ മരിച്ചത് സ്റ്റാർഡം നഷ്ടപ്പെട്ടതിൽ മനംനൊന്താണെന്നും ദിവസവും മേക്കപ്പിട്ട് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയിരുന്ന് കരയുമായിരുന്നെന്നായിരുന്നു ടിനി ടോം പറഞ്ഞത്. മണിയൻ പിള്ള രാജുവിൽ നിന്നാണ് ഇക്കാര്യം കേട്ടതെന്നും ടിനി പറഞ്ഞിരുന്നു.
എന്നാൽ താൻ അങ്ങനെയൊരു കാര്യം പറഞ്ഞില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മണിയൻ പിള്ള രാജു ഇപ്പോൾ. സംവിധായകൻ ആലപ്പി അഷ്റഫിനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്.
'ഇവനൊന്നും നസീർ സാറിനെ കണ്ടിട്ടുപോലുമില്ല. ഞാൻ നസീർ സാറിന്റെ കൂടെ പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ്. മാത്രമല്ല, നസീർ സാറിനെപ്പോലെ ദൈവതുല്യനായ ഒരാളെ അതിനുമുമ്പോ ശേഷമോ കണ്ടിട്ടില്ലെന്ന് ഞാൻ അഭിമുഖങ്ങളിലും ഫംഗ്ഷനുകളിലുമൊക്കെ പറഞ്ഞിട്ടുണ്ട്.
ഈ ടിനി ടോം മണ്ടത്തരങ്ങൾ പറഞ്ഞ് മുമ്പും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായ ഒരു മനുഷ്യനെക്കുറിച്ച് മോശമായി പറയുന്നു. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. എന്താണിത്. മരിച്ചുപോയ ഒരാളാണ്. ഞാൻ ഒരിക്കലും നസീർ സാറിനെക്കുറിച്ച് അങ്ങനെ പറയില്ല. അത്രയും അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അയാളോട് മാപ്പ് പറയാൻ പറയണം. രണ്ട് പടം വന്നാൽ പരിസരം മറന്ന്, പണ്ട് നടന്ന രീതികളൊക്കെ മറക്കുന്നയാളുകളാണ് ഇവരൊക്കെ. അങ്ങനെ ചെയ്യാൻ പാടില്ല.'- മണിയൻ പിള്ള രാജു വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |