തകർന്ന കെട്ടിടത്തിന് നാൽപ്പത് വർഷത്തിലേറെ പഴക്കം
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ കൊച്ചാലുംമൂട് വാർഡിൽ സ്ഥിതി ചെയ്യുന്ന 108-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കഴുക്കോലുകൾ തകർന്നാണ് ഓട് മേഞ്ഞ മേൽക്കൂര കെട്ടിടത്തിനകത്തേക്ക് നിലംപതിച്ചത്. പതിനഞ്ചോളം കുട്ടികൾ പഠിക്കാനെത്തുന്ന അംഗൻവാടി കെട്ടിടം തകർന്നത് രാത്രിയിൽ ആയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സാമൂഹിക നീതി വകുപ്പ് ഇത്തിക്കര ബ്ലോക്ക് ഐ.സി.ഡി.എസിന് കീഴിലാണ് അംഗൻവാടിയുടെ പ്രവർത്തനം. നാൽപ്പതിലേറെ വർഷം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടത്തിന്റെ കഴുക്കോലുകൾ പകുതിയിലേറെയും ജീർണിച്ച അവസ്ഥയിൽ ആയിരുന്നു. കഴുക്കോലുകൾക്ക് ബലമില്ലാത്തതിനാൽ കുട്ടികൾ കളിക്കുന്ന ഊഞ്ഞാലിലാണ് അംഗൻവാടിയുടെ ബോർഡ് പോലും സ്ഥാപിച്ചിരിക്കുന്നത്.
നാട്ടുകാർ പ്രതിഷേധത്തിൽ
ഏത് സമയവും തകർന്ന് വീഴേക്കാവുന്ന കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിപ്പിച്ചത് ഗ്രാമപഞ്ചായത് അധികൃതരുടെയും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മാതൃ-ശിശു സംരക്ഷണത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സാമൂഹിക നീതി വകുപ്പ് വഴിയും ത്രിതല പഞ്ചായത്ത് മുഖേനയും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം അംഗൻവാടികളിലെ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രവർത്തനം മാറ്റി
അംഗൻവാടി കെട്ടിടത്തിലെ പ്രവർത്തനം താത്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു പറഞ്ഞു.
അപകടാവസ്ഥ മുന്നിൽ കണ്ട് പോളച്ചിറ പാർക്ക് മുക്ക്, ഒഴുകുപാറ പുന്നമുക്ക് എന്നിവിടങ്ങളിലെ അംഗൻവാടികളുടെയും പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ പോളച്ചിറ പാർക്ക് മുക്ക് അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |