നവോത്ഥാന പ്രക്ഷോഭ നായകനും തിരു- കൊച്ചി മുഖ്യമന്ത്രിയും ആയിരുന്ന സി. കേശവൻ അന്തരിച്ചിട്ട് ഇന്ന് 56 വർഷം പിന്നിടുന്നു. സി. കേശവന്റെ മകൾ ഇന്ദിരക്കുട്ടിയുടെ ബാല്യസുഹൃത്തും സഹപാഠിയുമായിരുന്ന ലേഖിക, അക്കാലത്തെ ഓർമ്മകളിലൂടെ...
.......................
എന്റെ കൗമാരചിന്തകൾക്കും പ്രവൃത്തികൾക്കും വിഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടിയാകണം, ഞാൻ കൗമാരത്തിലേക്കു കടക്കും മുൻപ്, ഗാന്ധിജിയും സ്വാതന്ത്ര്യ സമരസേനാനികളും ഭാരതത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്! തടസങ്ങൾ കൂടാതെ എനിക്ക് നടന്ന് ക്ഷേത്രത്തിൽ പോകാൻ കൂടിത്തന്നെയാണ്, ഞാൻ നടക്കാൻ തുടങ്ങുംമുമ്പേ, ധീരന്മാരും ത്യാഗമതികളുമായ നവോത്ഥാന നായകർ ക്ഷേത്രപ്രവേശനം പോരാടി നേടിയത്.
ഈ ചരിത്ര സംഭവങ്ങൾ ഓർക്കുമ്പോൾ, നിങ്ങളെപ്പോലെ ഞാനും അഭിമാനത്താൽ പുളകംകൊള്ളുന്നു.
എല്ലാ മയ്യനാട്ടുകാരെയും പോലെ ഞാനും ഏറെ അഭിമാനം കൊള്ളുന്നതാണ് ക്ഷേത്രപ്രവേശനത്തിന്റെ സൂത്രധാരൻ മയ്യനാട്ടുകാരനായ സി.വി. കുഞ്ഞുരാമൻ ആയിരുന്നുവെന്നതും, നവോത്ഥാന പോരാട്ടത്തിൽ നായക സ്ഥാനം വഹിച്ചിരുന്നത് 'ഒരു മയ്യനാട്ടുകാരനാ"ണെന്നുമുള്ള യാഥാർത്ഥ്യങ്ങൾ. ഒറ്റപ്പെട്ട ചില അനുഭവങ്ങൾ മാറ്റിനിറുത്തിയാൽ, ഭാരതത്തിലും കേരളത്തിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതി വിവേചനവും കൊടുമ്പിരിക്കൊണ്ടു നിന്നിരുന്ന കാലത്തു പോലും എന്റെ ജന്മഗ്രാമമായ മയ്യനാട്ട് ഈ വിചാരത്തിന് അധികം വേരോട്ടങ്ങൾ ഉണ്ടായിരുന്നില്ല.
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരു ദശാബ്ദം മുമ്പുതന്നെ കേരളത്തിൽ നവോത്ഥാന പ്രക്ഷോഭങ്ങൾ വിജയങ്ങൾ തുടങ്ങിയിരുന്നു. നവോത്ഥാന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നവരിൽ പ്രധാനിയായ, തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ ജന്മനാടായ മയ്യനാട്, എന്റെയുമാണെന്ന് ഓർക്കുമ്പോൾ അഭിമാനത്താൽ രോമാഞ്ചംകൊള്ളാറുണ്ട്. ഞാൻ ആ ധിഷണാശാലിയുടെ ഒരു ബന്ധുവും അദ്ദേഹത്തിന്റെ മകൾ ഇന്ദിരക്കുട്ടി എന്റെ പ്രിയ കൂട്ടുകാരിയും കൂടിയാകുമ്പോൾ എനിക്ക് തലയുയർത്തി നടക്കാൻ മറ്റെന്താണ് വേണ്ടത്!
സൗഹൃദത്തിന്റെ
മധുരകാലം
ഇന്ദിരക്കുട്ടിയും ഞാനും സഹപാഠികളാകുന്നത് മയ്യനാട് ഇംഗ്ലീഷ് സ്‌കൂളിലെ പ്രിപ്പറേറ്ററി ക്ലാസിലാണ്. ഇപ്പോഴുള്ള മയ്യനാട് ഹൈസ്‌കൂൾ അന്ന് മയ്യനാട് ഇംഗ്ലീഷ് സ്‌കൂൾ ആയിരുന്നു. തുടക്കത്തിൽ ശാസ്താംകോവിലിലായിരുന്നു ആ സ്‌കൂളിന്റെ പ്രവർത്തനം. അവിടെയായിരുന്നു പ്രിപ്പറേറ്ററി ക്ലാസ്. ദിവസങ്ങൾക്കകം ഞാനും ഇന്ദിരക്കുട്ടിയും നല്ല സുഹൃത്തുക്കളായി. ഞങ്ങളുടെ അമ്മമാരും സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു എന്നതാകാം അതിന് ഒരു കാരണം. അവർ ഇരുവരും ഒരുമിച്ച് വെള്ളമണൽ സ്‌കൂളിൽ പഠിക്കുകയും, പിൽക്കാലത്ത് ഇന്ദിരക്കുട്ടിയുടെ അമ്മ വാസന്തി ആ സ്‌കൂളിൽത്തന്നെ അദ്ധാപികയാവുകയും ചെയ്തു.
ഇന്ദിരക്കുട്ടിയുടെ വീട്ടിൽ, അതായത് തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ വീട്ടിഷ അമ്മയോടൊപ്പവും അല്ലാതെയും ഞാൻ പോയിട്ടുണ്ട്. മയ്യനാട് വെള്ളാപ്പിൽ മുക്കിനടുത്ത് തോപ്പിൽ വീട്ടിലാണ് സി. കേശവനും കുടുംബവും താമസിച്ചിരുന്നത്. പിൽക്കാലത്ത് മയ്യനാട് ഹൈസ്‌കൂളിൽ എന്റെ വിദ്യാർത്ഥിനിയും സഹപ്രവർത്തകയും അയൽക്കാരിയും വാർദ്ധക്യത്തിലെ ഒരു പ്രധാന കൂട്ടുമായി മാറിയ സുമത്തിന്റെ (സുമം ടീച്ചർ) കുടുംബം സി. കേശവന്റെ അയൽക്കാരും കുടുംബ സുഹൃത്തുക്കളുമായിരുന്നു. മയ്യനാട്ടെ ആദ്യത്തെ ഇലക്ട്രിസിറ്റി ബോർഡ് എൻജിനിയർ കൂടിയായ ജി. സുധാകരനാണ് സുമത്തിന്റെ അച്ഛൻ. ചെറുപ്പത്തിൽ, സുമത്തിന് അമ്മയെ നഷ്ടപ്പെട്ടപ്പോൾ സാമീപ്യംകൊണ്ടും ആശ്വാസവാക്കുകൾ കൊണ്ടും അച്ഛന് ഏറ്റവും കൂടുതൽ ആത്മവിശ്വാസം പകർന്നവരിൽ സി. കേശവനും ഉണ്ടായിരുന്നുവെന്നത് സുമം പങ്കുവച്ചത് ഞാൻ ഓർക്കുന്നു.
എന്റെ ജനനത്തിന് പതിറ്റാണ്ടുകൾക്കു മുമ്പ് തുടങ്ങിയ നവോത്ഥാന പ്രവർത്തനങ്ങൾക്ക് ആക്കം കൂടിയതും, ലക്ഷ്യങ്ങൾ കണ്ടുതുടങ്ങിയതും നിവർത്തന പ്രക്ഷോഭത്തിലൂടെയാണ്. ക്ഷേത്രപ്രവേശനം നേടിയെടുത്തതിനു ശേഷം ഉത്തരവാദ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. തുടർന്ന് 1937 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലാണ് കേരളത്തിലെ ഉത്പതിഷ്ണുക്കളൊക്കെ ജനകീയ ഭരണത്തിനു വേണ്ടി യോജിച്ച് രാഷ്ട്രീയ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. അവരെ പ്രചോദിപ്പിച്ചതും ഏകീകരിച്ചതും കൊളോണിയൽ വിരുദ്ധത, ജനസംഖ്യാടിസ്ഥാനത്തിലുള്ള വോട്ടവകാശം, സ്ഥിതി സമത്വ സമൂഹം എന്നീ ലക്ഷ്യങ്ങളായിരുന്നു.
ഈ പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമാകുന്നതും, പട്ടം താണുപിള്ള, ടി.എം വർഗീസ്, സി. കേശവൻ എന്നിവർ ആ സംഘടനയുടെ ത്രിമൂർത്തികൾ ആകുന്നതും. 1948-ൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂറിൽ തിരഞ്ഞെടുപ്പ് നടന്നു. ആ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയിൽത്തന്നെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. തുടർന്ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ, 1948- ൽ സി. കേശവനും ടി.എം വർഗീസും ഉൾപ്പെട്ട മൂന്നംഗ മന്ത്രിസഭ അധികാരത്തിലേറി. രാഷ്ട്രീയ മാറ്റങ്ങൾക്കും തിരു- കൊച്ചി രൂപീകരണത്തിനും ശേഷം, 1951 ൽ തിരു- കൊച്ചി മുഖ്യമന്ത്രിയായി സി. കേശവൻ സത്യപ്രതിജ്ഞ ചെയ്തു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിൽത്തന്നെ സി. കേശവനും കുടുംബവും മയ്യനാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയിരുന്നു.
തലസ്ഥാന
യാത്രകൾ
എന്റെ ബാല്യകാല കൂട്ടുകാരിയുടെ തിരുവനന്തപുരത്തേക്കുള്ള സ്‌കൂൾ മാറ്റം എന്നിൽ ശൂന്യത നിറച്ചു. ആ വർഷങ്ങളിലാണ് എന്റെ മൂത്ത സഹോദരിയായ കമലമ്മ അക്ക, ഭർത്താവ് എം. ദിവാകരനോടൊപ്പം (ദിവാകരയണ്ണൻ) തിരുവനന്തപുരത്തേക്ക് താമസം മാറിയത്. കമലമ്മ അക്കയുടെ തിരുവനന്തപുരത്തേക്കുള്ള താമസം, എനിക്ക് പ്രതീക്ഷിക്കാതെ കിട്ടിയ അനുഗ്രഹമായി മാറി. ഞങ്ങളുടെ തിരുവനന്തപുരം യാത്രയ്ക്ക് അതൊരു കാരണവുമായി. എനിക്ക് എന്റെ കൂട്ടുകാരിയെ കാണുവാനായി ആരോ സൗകര്യം തരപ്പെടുത്തിത്തരുന്ന അവസരങ്ങളായി എനിക്ക് അത് അനുഭവപ്പെട്ടു. സ്‌കൂൾ അവധി സമയങ്ങളിലായിരുന്നു ആ തിരുവനന്തപുരം യാത്രകൾ.
ദിവാകരയണ്ണൻ സെക്രട്ടേറിയറ്റിലും 'കേരളകൗമുദി"യിലുമായാണ് ജോലി നോക്കിയിരുന്നത്. ഇംഗ്ലീഷ് ഭാഷയിലും മലയാള ഭാഷയിലും അഗാധമായ അറിവ് ദിവാകരയണ്ണന് ഉണ്ടായിരുന്നു. ഷേക്സ്പിയറുടെ 'ഒഥല്ലോ" എന്ന നാടകത്തിലെ പ്രശസ്തവും ദീർഘവുമായ രംഗങ്ങൾ കാണാതെ അവതരിപ്പിക്കുന്നത് ദിവാകരയണ്ണന് ലഹരിയായിരുന്നുവെന്ന് എന്റെ അമ്മാവന്റെ മകനും, മയ്യനാടിന്റെ ചരിത്രകാരനുമായ പ്രഭാകരൻ തമ്പി (തമ്പി സാർ) പറഞ്ഞു കേട്ടിട്ടുണ്ട്.
ഇന്ദിരക്കുട്ടിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള എന്റെ യാത്ര ആനന്ദം നിറഞ്ഞതായിരുന്നു. നാളുകൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ ആവേശം, കൈമാറാനുള്ള വിശേഷങ്ങളുടെ ധാരാളിത്തം, കൂട്ടായുള്ള വിനോദങ്ങൾ ഇവയൊക്കെ നിറഞ്ഞതായിരുന്നു ആ കണ്ടുമുട്ടലുകൾ. ആ സന്ദർശനവേളയിൽ, ഇന്ദിരക്കുട്ടിയുടെ അമ്മ വാസന്തി സ്വന്തം മകളെപ്പോലെ എന്നെ ലാളിക്കുകയും സത്കരിക്കുകയും ചെയ്യുമായിരുന്നു. അവിടെവച്ച് ഇന്ദിരക്കുട്ടിയുടെ അച്ഛൻ, സി. കേശവനെ കാണാൻ സാധിച്ചിട്ടില്ലെങ്കിലും അമ്മാവന്മാരായ കെ. ദാമോദരനെയും കെ. സുകുമാരനെയും കണ്ടുമുട്ടാനും അവരുമായി സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സമൂഹത്തിൽ സ്വന്തം വ്യക്തിമുദ്രകൾ പതിപ്പിച്ചവരായിരുന്നു രണ്ടുപേരും.
അങ്ങനെ ഞാനും
വി.ഐ.പിയായി
മന്ത്രിയായതിനുശേഷം സി. കേശവനും കുടുംബവും മന്ത്രിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. എന്റെ കൂട്ടുകാരിയെ മന്ത്രി മന്ദിരത്തിൽ സന്ദർശിക്കാൻ എനിക്ക് അവസരമുണ്ടായി. മന്ത്രിമന്ദിരത്തിലെ സൗകര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. ഒരുദിവസം മന്ത്രി മന്ദിരത്തിലെ ഉദ്യാനത്തിൽ കളിച്ചുകൊണ്ടിരുന്ന ഞാൻ, കാലിടറി വീണ് തോളെല്ലിന് സാരമായി പരിക്കേറ്റു. ഇന്ദിരക്കുട്ടിയുടെ കുടുംബാംഗങ്ങളെ കൂടാതെ, എന്തിനും ഏതിനും തയ്യാറായി പാറാവുകാർ മുതൽ പാചകക്കാർ വരെ ഓടിക്കൂടി. വേദന അസഹനീയമായപ്പോൾ എന്നെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ അതിഥി ആയതിനാൽ ആശുപത്രിയിൽ എനിക്ക് പ്രത്യേക പരിചരണം ലഭിച്ചു! ആശുപത്രിയിൽ എനിക്കു ലഭിച്ച ആദ്യത്തേതും അവസാനത്തേതുമായ വി.ഐ.പി പരിചരണം ഓർമ്മയിൽ ഇപ്പോഴുമുണ്ട്.
ഏറെക്കാലത്തിനുശേഷം, ഇന്ദിരക്കുട്ടിയും ഞാനും അദ്ധ്യാപകരായി മയ്യനാട് ഹൈസ്‌കൂളിൽ മൂന്നു പതിറ്റാണ്ടോളം ജോലിനോക്കി. ഈ കാലയളവിൽ, ഞങ്ങൾ പരസ്പരം കൈകോർത്ത് സന്തോഷങ്ങളും ദുഃഖങ്ങളും പങ്കിട്ടു. സഹപാഠിയും സഹപ്രവർത്തകയും ആയിരുന്ന ആ കൂട്ടുകാരിയും ഈ ലോകത്തോട് വിട പറഞ്ഞു. സ്‌നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞിരുന്നവരുടെ വേർപാടുകൾ മനസിൽ വേദനയായി ഘനീഭവിക്കുന്നു. തിരിച്ചുകിട്ടാത്തതാണ് കാലം നല്കിയ സമ്മാനങ്ങളും സങ്കടങ്ങളുമെന്ന തിരിച്ചറിവാണ് എന്റെ ശക്തിയും ദു:ഖവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |