കൊല്ലം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ബസ് സ്റ്റാൻഡിൽ അൽപ്പം ശ്രദ്ധയോടെ കാത്തുനിന്നില്ലെങ്കിൽ തലകാണില്ല!. ഇതൊരനൗൺസ്മെന്റല്ല, മുന്നറിയിപ്പാണ്. കാലപ്പഴക്കത്തിൽ കോൺക്രീറ്റ് ഇളകി എല്ലും തോലുമായ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് തകരാൻ വെമ്പി തലകുനിച്ച് നിൽക്കുന്നത്.
ഡിപ്പോയിലെ കെട്ടിടത്തിനുള്ളിലെത്തി മുകളിലേക്ക് ഒന്ന് നോക്കിയാൽ പേടിയാകും. അത്രയ്ക്ക് ദയനീയമാണ് അവസ്ഥ. കെ.എസ്.ആർ.ടി.സിയിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാർ ജീവൻ കൈയിൽ പിടിച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. ഏത് നിമിഷവും അപകടമുണ്ടാകാമെന്ന പേടിയോടെയാണ് ഇവർ കഴിയുന്നത്. നൂറ് കണക്കിന് യാത്രക്കാരാണ് ദിവസവും വന്നുപോകുന്നത്. ഇരിപ്പിടങ്ങൾക്ക് തൊട്ടുമുകളിലത്തെ ഭാഗത്ത് ഇനി ഇളകി വീഴാൻ കോൺക്രീറ്റ് മിച്ചമില്ല!. ചിലന്തിവലപോലെ കമ്പികൾ തെളിഞ്ഞുകാണാം. അവയും തുരുമ്പെടുത്ത് തീരാറായി.
മുൻവശത്തെ ഇരിപ്പിടങ്ങൾ വൃത്തിഹീനവും പഴക്കം ചെന്നവയുമാണ്. ഇരുന്നാൽ സെപ്ടിക്കാവുന്ന അവസ്ഥ. തൂണുകളും ഭിത്തിയുമെല്ലാം വിണ്ടുകീറിയ നിലയിലാണ്. ജനലുകൾ, കട്ടിളകൾ എന്നിവ ഭൂരിഭാഗവും തകർന്നു. കതകുകൾ ഇളകി തകർന്ന നിലയിലാണ്.
സ്ത്രീകളുടെ വിശ്രമമുറിയുടെയും മറ്റ് മുറികളുടെയുമെല്ലാം അവസ്ഥ മറിച്ചല്ല. മഴയത്ത് കെട്ടിടത്തിനുള്ളിൽ നിൽക്കണമെങ്കിലും കുട നിവർത്തണം. എല്ലായിടവും ചോർന്നൊലിക്കുകയാണ്. കോൺക്രീറ്റ് സ്ലാബുകളും പൊട്ടിത്തുടങ്ങിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകളടക്കം 80ലേറെ ബസ് സർവീസുകളുള്ള കൊല്ലം ഡിപ്പോ, കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നതുപോലെ വീഴാൻ കാത്തിരിക്കുകയാണ് അധികൃതർ.
ഭരണാനുമതിക്ക് കാത്ത് പുതിയ കെട്ടിടം
താലൂക്ക് ഒാഫീസ് ജംഗ്ഷനിലെ കെ.എസ്.ആർ.ടി.സി ഗാരേജിന്റെ സ്ഥലത്താണ് പുതിയ ഡിപ്പോ നിർമ്മിക്കുന്നത്
ഭരണാനുമതിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ
നേരത്തേ തയാറാക്കിയ രൂപരേഖ മാറ്റി പുതിയ രൂപരേഖ തയാറാക്കി
ഓഫീസ്, ഡിപ്പോ, ഗാരേജ് ഉൾപ്പടെ മുഴുവൻ സംവിധാനവും പുതിയ ഡിപ്പോയിലേക്ക് മാറ്റും
രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ ചുമതലയും പി.ഡബ്ല്യു.ഡിക്ക്
ഗാരേജ് ഉൾപ്പെടെ മൂന്ന് നില കെട്ടിടം
ഫണ്ട്
എം.എൽ.എ ആസ്തി വികസനം ₹ 5 കോടി
സർക്കാർ അനുവദിച്ചത് ₹ 10 കോടി
പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും എന്ന് യാഥാർത്ഥ്യമാകുമെന്ന് യാതൊരു ഉറപ്പുമില്ല. പേടിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |