തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിന്റെ വിചാരണയിൽ സാക്ഷികളായ കന്യാസ്ത്രീമാരുടെ കൂറുമാറ്റം തുടരുന്നു. കൂറുമാറുന്നതിനെ തുടർന്ന് മൂന്ന് സാക്ഷികളെ വിസ്‌തരിക്കുന്നത് സി.ബി.ഐ ഒഴിവാക്കി. ഇന്നലെ വിസ്‌തരിച്ച സിസ്‌റ്റർ ആനി ജോൺ, സിസ്‌റ്റർ സുദീപ എന്നിവർ കൂറുമാറിയിരുന്നു. തുടർന്നാണ് സിസ്‌റ്റർ നവീന, സിസ്‌റ്റർ കൊച്ചുറാണി, ക്ളാര എന്നിവരെ വിസ്തരിക്കുന്നില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതിയെ അറിയിച്ചത്. വിസ്‌താര വേളയിൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടി പറയില്ലെന്ന് ധിക്കാരത്തോടെ പറഞ്ഞ സിസ്‌റ്റർ ആനി ജോണിനെ കോടതി രൂക്ഷമായി വിമർശിച്ചു.
കേസിന്റെ വിചാരണയിൽ ഇംഗ്ലീഷ് വായിക്കാനും എഴുതാനുമറിയില്ലെന്ന് മൊഴി നൽകിയ സാക്ഷി തുടർന്ന് ഇംഗ്ലീഷിലുള്ള പെരുമാറ്റച്ചട്ടം കോടതിയിൽ വായിച്ചു. കൂറുമാറിയ സിസ്റ്റർ സുദീപയാണ് സി.ബി.ഐ. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇംഗ്ലീഷ് അറിയില്ലെന്ന ഉപായം പ്രയോഗിച്ചത്. പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം പ്രോസിക്യൂട്ടർ കോടതിയിൽ വായിച്ചപ്പോഴായിരുന്നു ഇംഗ്ലീഷ് അറിയില്ലെന്ന് സുദീപ കോടതിയെ അറിയിച്ചത്.
കുട്ടികളെ മോറൽ സയൻസ് പഠിപ്പിക്കുന്ന സുദീപയ്ക്ക് ഇംഗ്ലീഷ് അറിയില്ലേയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിനും സുദീപ ഇല്ലെന്നുതന്നെ മറുപടി നൽകി. സിസ്റ്റർ അഭയ കോൺവെന്റിൽ ചേർന്നപ്പോൾ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പമുണ്ടായിരുന്ന കോൺവെന്റിലെ പെരുമാറ്റച്ചട്ടം പ്രോസിക്യൂട്ടർ സുദീപയ്ക്ക് വായിക്കാൻ നൽകി. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ സുദീപ ഇംഗ്ലീഷിലുള്ള പെരുമാറ്റച്ചട്ടം ഉറക്കെ വായിച്ചു.സത്യം പറയാൻ നിങ്ങൾ ആരെയാണ് ഭയക്കുന്നതെന്നും സുദീപയോട് കോടതി ചോദിച്ചു.
സി.ബി.എെ പ്രോസിക്യൂട്ടറുടെ ചോദ്യങ്ങളിൽ പ്രകോപിതയായാണ് ഉത്തരം പറയാൻ കഴിയില്ലെന്ന് സിസ്റ്റർ ആനി പറഞ്ഞത്. സംഭവ ദിവസം കോൺവെന്റിലെത്തിയെങ്കിലും അടുക്കളയിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് പറഞ്ഞാണ് ഇവർ കൂറുമാറിയത്. അഭയ കൊല്ലപ്പെട്ട ദിവസം നടന്ന ചില സംഭവങ്ങലെ കുറിച്ച് സി.ബി.ഐക്ക് നേരത്തെ നൽകിയ വിശദമായ മൊഴിയാണ് സിസ്റ്റർ ആനി ജോൺ കോടതിയിൽ മാറ്റിയത്. മഠത്തിൽ നിന്ന് ആരോടും പറയാതെ സിസ്റ്റർ ഒളിച്ചോടിപ്പോയ സംഭവങ്ങൾ ധാരാളമുണ്ട്. അതുപോലെ സിസ്റ്റർ അഭയയും ഒളിച്ചോടിയതാവാമെന്ന് ശിരോവസ്ത്രം അടുക്കളയിൽ നിന്ന് കണ്ടപ്പോൾ ആദ്യം തോന്നിയെന്നാണ് ആനി കോടതിയിൽ പറഞ്ഞു.
അഭയയുടെ അച്ഛൻ തോമാച്ചനെ അറിയില്ലെന്ന് ആദ്യം കോടതിയിൽ പറഞ്ഞ ആനി സംഭവ ദിവസം തോമാച്ചനെ സമാധാനിപ്പിച്ചത് താനാണെന്ന് പിന്നീട് സമ്മതിച്ചു. ഇപ്പോഴും താൻ സഭയുടെ കീഴിലുള്ള മഠത്തിലാണെന്നും കേസിലെ പ്രതി സിസ്റ്റർ സെഫി മഠത്തിലെ അംഗമാണെന്നും ഇവർ കോടതിയെ അറിയിച്ചു. സംഭവദിവസം കോൺവെന്റിലെ കിണറ്റിൽ എന്തോ ഭാരമുള്ള വസ്തു വീഴുന്ന ശബ്ദം കേട്ടെന്ന് സി.ബി.എെക്ക് മൊഴി നൽകിയിരുന്ന സിസ്റ്റർ സുദീപ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് മൊഴി മാറ്രിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |