
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പുതിയ പരാതിയിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതിയാണ് രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയത്. തനിക്കെതിരെ വീണ്ടും വ്യാജപരാതി നൽകിയെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. നമ്മുടെ നാട്ടിൽ സത്യവും നീതിയുമില്ലേയെന്നും രാഹുൽ ഈശ്വർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. സോഷ്യൽ ഓഡിറ്റ്, വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവൽക്കരിച്ച് എതിർസ്വരങ്ങളെ നിശബ്‍ദമാക്കുന്ന ഈ പ്രവണത നല്ലതാണോ? ആണിനെ കുടുക്കാൻ എന്ത് എളുപ്പുമാണെന്നു ആലോചിച്ചു നോക്കൂ. ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത്. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം. പുരുഷ കമ്മീഷൻ വരണം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല. വീഡിയോ ചെയ്യുന്നതിന് കോടതി വിലക്കില്ല, ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. തന്നെ അറസ്റ്റ് ഇനിയും ചെയുമായിരിക്കും, പക്ഷേ സത്യം, നീതി പുരുഷന്മാർക്ക് കിട്ടണം'- രാഹുൽ ഈശ്വർ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനപരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുലിനെ അറസ്റ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് രാഹുൽ ഈശ്വറിന് കർശനവ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകൾ രാഹുൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പുതിയ പരാതി നൽകിയത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബം തകർത്തെന്നായിരുന്നു പരാതിക്കാരിയുടെ ഭർത്താവ് പരാതിയിൽ പറഞ്ഞത്. ഇതിനെക്കുറിച്ച് രാഹുൽ യുവാവിനെ പിന്തുണച്ചുകൊണ്ട് പുതിയ വീഡിയോ ചെയ്തിരുന്നു. ഇതോടെയാണ് യുവതി പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |