തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിന് പുതിയ പ്രസിഡന്റ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത്തവണ കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റിനെ നേരിട്ട് നോമിനേറ്ര് ചെയ്യുമെന്നാണ് വിവരം. നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് പകരമാണ് പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നത്. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയ ഒഴിവിലാണ് ഒരു വർഷം മുമ്പ് ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റാക്കിയത്. കുമ്മനം ഒഴിഞ്ഞശേഷം മൂന്ന് മാസത്തോളം സംസ്ഥാന ഘടകത്തിന് പ്രസിഡന്റില്ലായിരുന്നു. തദ്ദേശ ഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പുതിയ പ്രസിഡന്റിനെ നിയമിക്കാനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ഒരു പക്ഷേ, സംസ്ഥാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് മുമ്പുതന്നെ പുതിയ പ്രസിഡന്റിനെ നിയോഗിക്കുമെന്നും കേൾക്കുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവരിലൊരാളെ പ്രസിഡന്റാക്കാനാണ് സാദ്ധ്യത കൂടുതൽ. സുരേന്ദ്രനാണ് കൂടുതൽ സാദ്ധ്യതയെന്നാണ് സൂചന. ശബരിമല പ്രക്ഷോഭത്തെ തുടർന്നുണ്ടായ ജനകീയ സ്വീകാര്യതയാണ് സുരേന്ദ്രന് മേൽക്കൈ നേടിക്കൊടുത്തത്. പി.കെ.കൃഷ്ണദാസ് വിഭാഗമാണ് രമേശിനെ പിന്തുണയ്ക്കുന്നത്. എം.എസ് കുമാറിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുന്നതിനിടയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് പ്രതീക്ഷയ്ക്കനുസരിച്ച് വിജയിക്കാൻ കഴിഞ്ഞില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
സംസ്ഥാന പ്രസിഡന്റിന്റെ ഒഴിവ് വന്ന മറ്ര് മൂന്ന് സംസ്ഥാനങ്ങളിലും അമിത് ഷാ നേരിട്ട് പ്രസിഡന്റുമാരെ നോമിനേറ്ര് ചെയ്യുകയായിരുന്നു. ഡോ. സഞ്ജയ് ജയ്സ്വാൾ (ബിഹാർ), അജയ് കുമാർ (ഉത്തരാഖണ്ഡ്), സതീഷ് പുനിയ (രാജസ്ഥാൻ) എന്നിവരെയാണ് നോമിനേറ്ര് ചെയ്തത്. സംസ്ഥാന നിയമസഭയിലേക്ക് മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി, എറണാകുളം എന്നീ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും പുതിയ നേതൃത്വത്തിന്റെ കീഴിലാവും നടക്കുക. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സെപ്തംബർ 11 ന് ബൂത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കും. ഒക്ടോബർ 11 മുതൽ 30വരെ നിയോജക മണ്ഡലം കമ്മിറ്റിയെയും നവംബറിൽ ജില്ലാ പ്രസിഡന്റുമാരെയും തുടർന്ന് സംസ്ഥാന പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |