വാഷിംഗ്ടൺ: യുക്രെയിനിലേക്ക് ആയുധങ്ങൾ അയക്കുന്നത് നിർത്തിവെക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും, ഇപ്പോൾ കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടുതൽ ആയുധങ്ങൾ അയയ്ക്കേണ്ടിവരും,അതും പ്രതിരോധ ആയുധങ്ങളായിരിക്കുമെന്ന് അദ്ദേഹം വൈറ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി താൻ അത്ര സൗഹൃദത്തിലല്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് മാദ്ധ്യമങ്ങളോട് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ,പ്രതിരോധ ആയുധങ്ങൾ അയയ്ക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള സൈനിക കയറ്റുമതികളുടെ അവലോകനം തുടരുന്നുവെന്നും യു.എസ് ആദ്യം എന്ന പ്രതിരോധ മുൻഗണനകളിൽ ഇത് അവിഭാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ആഴ്ചയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആയുധ വിതരണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.
തിങ്കളാഴ്ച നൂറിലേറെ ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രെയ്നിലെ സിവിലിയൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ റഷ്യ ആക്രമണം നടത്തിയത്. സംഭവത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 1270 ഡ്രോണുകളും 39 മിസൈലുകളുമാണ് റഷ്യ യുക്രെയ്നുനേരെ തൊടുത്തത്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നൂറോളം ബോംബ് വർഷിക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |