പരിശോധന കുറഞ്ഞു; ലഹരിക്കടത്ത് സജീവം
പാലക്കാട്: സംസ്ഥാന അതിർത്തിയിലെ ഊടുവഴികളിൽ പരിശോധന കുറഞ്ഞതോടെ ഇതുവഴി പാലക്കാട് ജില്ലയിലേക്കുള്ള ലഹരിക്കടത്തും അനധികൃത ചരക്കുനീക്കവും സജീവം. ഗോവിന്ദാപുരം, ചെമ്മണാമ്പതി അതിർത്തി പ്രദേശങ്ങൾക്കിടയിലുള്ള അഞ്ചോളം ഊടുവഴികളിലൂടെയാണ് അനധികൃത ചരക്കുനീക്കം നടക്കുന്നത്. ലഹരിവസ്തുക്കൾ കടത്താനും ഈ വഴികളാണ് ലഹരി മാഫിയകളും പ്രധാനമായി ഉപയോഗിക്കുന്നത്. കിഴവൻ പുതൂർ ചെമ്മണാംപതി പ്രദേശങ്ങൾക്കിടയിൽ മൂന്ന് കിലോമീറ്റർ പരിധിയിലാണ് അഞ്ചോളം വഴികളുണ്ട്. കിഴവൻ പൂതൂർ, ഗോവിന്ദാപുരം വരെയുള്ള പ്രദേശങ്ങൾക്കിടയിലെ നാല് കിലോമീറ്ററിൽ രണ്ട് വഴികളാണുള്ളത്. ഗോവിന്ദാപുരത്തും മുച്ചങ്കുണ്ടിലും മാത്രമാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. ചെക്ക്‌പോസ്റ്റ് കടക്കാതെ പ്രധാന റോഡുമായി ബന്ധിപ്പിക്കാവുന്ന നിരവധി വഴികൾ ഉണ്ടായിട്ടും അവിടെയൊന്നും പരിശോധനയില്ല.
ലഹരിക്കേസിൽ അറസ്റ്റിലായത് 264 പേർ
പാലക്കാട് ജില്ലയിൽ ജനുവരി-മേയ് കാലയളവിൽ എക്സൈസ് പിടികൂടിയത് 430 കിലോ കഞ്ചാവും 24 ഗ്രാം എം.ഡി.എംഎയും. 87,972 വാഹനങ്ങളിലും 5,587 ഇടങ്ങളിലും പരിശോധന നടത്തി. കള്ളുഷാപ്പുകളിൽനിന്ന് 748 സാമ്പിൾ പരിശോധിച്ചു. പൊലീസ്, വനംവകുപ്പ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി ചേർന്ന് 116 പരിശോധന നടത്തി. 50 പേരെ അറസ്റ്റ് ചെയ്തു. 792 അനധികൃത മദ്യവിൽപ്പന കേസെടുത്തു. 711 പേരെ പ്രതിചേർത്തു. 682 പേരെ അറസ്റ്റ് ചെയ്തു. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് 47 വാഹനവും 14,200 രൂപയും പിടിച്ചെടുത്തു. 298 ലഹരിക്കേസുകളിൽ 266 പേരെ പ്രതിചേർത്തു. 264 പേരെ അറസ്റ്റ് ചെയ്തു. ഏഴ് വാഹനവും 17,890 രൂപയും പിടികൂടി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് 2,668 കേസ് രജിസ്റ്റർ ചെയ്തു. 2,632 പേരെ പ്രതിചേർത്തു. 5.33 ലക്ഷം പിഴയീടാക്കി. 1,043 കിലോ പുകയില ഉൽപ്പന്നമാണ് പിടികൂടിയത്. 586 ലിറ്റർ സ്പിരിറ്റും 472.250 ലിറ്റർ ചാരായവും പിടികൂടി. 2,714 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 4,157 ലിറ്റർ കള്ളും 27,256 ലിറ്റർ വാഷും പിടികൂടി. 410 കഞ്ചാവുചെടി, 15 ഗ്രാം ബ്രൗൺഷുഗർ, 36 ഗ്രാം ഹാഷിഷ്, ഒന്നരക്കിലോ മെത്താംഫിറ്റമിൻ, രണ്ടുഗ്രാം നൈട്രോസെഫാം, 15 കിലോ കഞ്ചാവ് ചോക്ലേറ്റ്, 95 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |