ന്യൂഡൽഹി: 40 ജവാന്മാരുടെ ജീവനെടുത്ത 2019ലെ പുൽവാമ ഭീകരാക്രമണം, 2022ലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം തുടങ്ങിയയിടങ്ങളിൽ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കൾ എത്തിച്ചത് ഓൺലൈനിലൂടെയെന്ന് കണ്ടെത്തൽ. ദി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഭീകരസംഘടനകൾ തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകളും ഓൺലൈൻ പേയ്‌മെന്റ് സർവീസുകളും ദുരുപയോഗപ്പെടുത്തുന്നതായി എഫ്‌എടിഎഫ് ചൂണ്ടിക്കാട്ടി. ലോകമൊട്ടാകെയുള്ള കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായം തുടങ്ങിയവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്‌എടിഎഫ്.
പുൽവാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളിലെ പ്രധാന അസംസ്‌കൃത വസ്തുവായ അലുമിനിയം പൗഡർ ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോം വഴിയാണ് എത്തിച്ചതെന്ന് എഫ്‌എടിഎഫിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ പുൽവാമ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തുടർന്ന് ഏഴ് വിദേശപൗരന്മാർ ഉൾപ്പെടെ 19 പേർ അറസ്റ്റിലായി. വാഹനങ്ങൾ, ഒളിത്താവളങ്ങൾ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണത്തെക്കുറിച്ചും എഫ്‌എടിഎഫ് റിപ്പോർട്ടിൽ പറയുന്നു. ഭീകരസംഘടനയായ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രതി ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഐഎസ് പ്രവർത്തകർക്കുവേണ്ടി പ്രതി 6.7 ലക്ഷം രൂപ പേപാൽ വഴി കൈമാറ്റം ചെയ്തതായും എഫ്‌എടിഎഫ് പറയുന്നു. തന്റെ ലൊക്കേഷൻ മറച്ചുവയ്ക്കുന്നതിനായി വിവിധ വിപിഎൻ സർവീസുകൾ ഉപയോഗിച്ചു. 44 അന്താരാഷ്ട്ര ഇടപാടുകൾ നടത്തി. വിപിഎൻ സേവനദാതാക്കൾക്ക് പണം നൽകുന്നതിനായി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ ഇയാൾ ഉപയോഗപ്പടുത്തിയെന്നും എഫ്‌എടിഎഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇയാളുടെ ഇടപാടുകളിൽ സംശയം ഉടലെടുത്തതിന് പിന്നാലെ പേപാൽ ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |