മാതാപിതാക്കളുടെ സ്വത്ത് മക്കൾക്ക് അവകാശപ്പെട്ടതാണ്. ആൺ- പെൺ ഭേദമെന്യേ അത് തുല്യമായി വീതിച്ചു നൽകണമെന്നതാണ് നീതിപൂർവകമായ ശരി. പക്ഷേ പലപ്പോഴും പ്രായോഗികമായ വ്യാവഹാരിക ജീവിതത്തിൽ അങ്ങനെയല്ല നടക്കുന്നത്. മാതാപിതാക്കളെ സ്വാധീനിച്ച് കൂടുതൽ സ്വത്ത് കൈക്കലാക്കുന്നവരും വഴക്കിനും വക്കാണത്തിനുമൊന്നും പോകാതെ ന്യായമായി ലഭിക്കേണ്ടവപോലും വേണ്ടെന്നുവയ്ക്കുന്ന മക്കളും ഈ സമൂഹത്തിൽത്തന്നെ പുലരുന്നവരാണ്. കേക്ക് മുറിക്കുന്നതുപോലെ തുല്യമായ കഷണങ്ങളാക്കി മുറിച്ചു നൽകാൻ കഴിയുന്നതല്ല സ്വത്ത്. പ്രത്യേകിച്ച്, കൂടുതൽ ഭൂമിയുള്ളവരുടെ കാര്യത്തിൽ. ഏറ്റക്കുറച്ചിലുകൾ വരാം. കൂടുതൽ ഭൂമി കിട്ടിയെന്നു കരുതി ഒരു പുത്രനോ പുത്രിക്കോ കൂടുതൽ സ്വത്തു കിട്ടി എന്ന് പറയാനാവില്ല. നഗരത്തിൽ ലഭിക്കുന്ന ചെറിയ ഭൂമിക്ക്, ഗ്രാമത്തിൽ വില കുറഞ്ഞ സ്ഥലത്ത് ലഭിക്കുന്ന വലിയ ഭൂമിയേക്കാൾ വിലകിട്ടും!
പുരുഷകേന്ദ്രീകൃതമായ പഴയ കാലഘട്ടത്തിൽ പെൺകുട്ടിയെ വിവാഹം കഴിച്ചയയ്ക്കുന്നതിനും മറ്റുമുള്ള ചെലവും സ്വർണത്തിന്റെയും മറ്റ് ജംഗമ സാധനങ്ങളുടെ വിലയുമൊക്കെ കണക്കാക്കുമ്പോൾ അവർക്ക് പിന്നീട് മാതാപിതാക്കളുടെ സ്വത്ത് വീതിക്കുമ്പോൾ ഒന്നും നൽകേണ്ടതില്ല എന്നതായിരുന്നു നിയമം. ആധുനിക കാലത്ത് ഈ രീതിക്ക് വലിയ പ്രസക്തിയില്ല. ഒന്നാമത് കുട്ടികളുടെ എണ്ണവും വീതിക്കാനുള്ള സ്വത്തിന്റെ വലിപ്പവും കുറവായതിനാൽ. മാത്രമല്ല, ഇപ്പോഴുള്ള മാതാപിതാക്കളിൽ ഭൂരിപക്ഷവും ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ നോക്കാതെ ഏറെക്കുറെ നീതിപൂർവകമായാണ് സ്വത്തുക്കൾ വീതിച്ചുനൽകുന്നത്. എന്നിരുന്നാലും ഇതിനൊക്കെ വ്യക്തമായ നിയമമില്ലെങ്കിൽ ഒരു തർക്കം വരുമ്പോൾ അത് പരിഹരിക്കുന്നത് സങ്കീർണമാകും. ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ മുമ്പ് പെൺമക്കൾക്ക് സ്വത്തിനും ഭൂമിക്കും അവകാശമില്ലായിരുന്നു. മേരി റോയ് കേസിനു ശേഷമാണ് അതിൽ മാറ്റമുണ്ടായത്.
ഹിന്ദു സമുദായത്തിൽപ്പെട്ടവരുടെ പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി ശ്ളാഘനീയമാണ് ഈ വിധിക്ക് 2004 ഡിസംബർ 20 മുതൽ പ്രാബല്യം നൽകിയിട്ടുണ്ട്. അതിനു മുമ്പു നടന്ന ഭാഗപത്രങ്ങൾക്കും മറ്റും ഇത് ബാധകമല്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ നിയമം കേരളത്തിൽ നടപ്പാക്കാൻ തടസമായി നിന്ന 1975-ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം (നിറുത്തലാക്കൽ) നിയമത്തിലെ 3, 4 വകുപ്പുകൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുടുംബസ്വത്തിൽ തുല്യ അവകാശം തേടി കോഴിക്കോട് സ്വദേശി എൻ.പി. രജനിയും സഹോദരിമാരും നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ സുപ്രധാന വിധി. പിതാവ് ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വത്തുക്കൾ ഹർജിക്കാരുടെ സഹോദരനു മാത്രം നൽകിയതാണ് നിയമ പോരാട്ടത്തിന് വഴിവച്ചത്. ഈ വിധിയോടെ ഇതുമായി ബന്ധപ്പെട്ട അവ്യക്തതകളും പരസ്പര വിരുദ്ധമായ വകുപ്പുകളും ഇല്ലാതാകും.
ഹിന്ദു അവിഭക്ത സ്വത്തിൽ അവകാശമുന്നയിക്കാൻ ആർക്കും കഴിയില്ലെന്നാണ് സംസ്ഥാന നിയമത്തിലെ മൂന്നാം വകുപ്പ് പറയുന്നത്. എന്നാൽ ഈ സ്വത്ത് തറവാട്ടിലെ എല്ലാ താമസക്കാർക്കുമായി വീതം വയ്ക്കണമെന്ന് നാലാം വകുപ്പ് പറയുന്നു. ഇതിനാൽ വിവാഹിതരായ സ്‌ത്രീകൾക്ക് സ്വത്തിൽ അവകാശമുന്നയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ജന്മംകൊണ്ട് സ്വത്തിന് അവകാശമുന്നയിക്കാമെന്ന് കേന്ദ്ര നിയമ ഭേദഗതിയുടെ ആറാം വകുപ്പ് പിന്നീട് വ്യവസ്ഥ ചെയ്തെങ്കിലും, കേരള നിയമത്തിലെ വിപരീത വ്യവസ്ഥകൾ തടസമായി നിൽക്കുകയായിരുന്നു. ഇതിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയിരിക്കുന്നത്. ഇനിമുതൽ ഇത്തരം കേസുകളിൽ വിനീത ശർമ്മ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാകും ബാധകമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ മക്കളെ ഒന്നായിക്കണ്ട് വേർതിരിവില്ലാതെ മാതാപിതാക്കൾ സ്വത്ത് വീതംവച്ച് നൽകുന്നതാണ് യുക്തിസഹം എന്നത് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഹൈക്കോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |