പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ തിരുമാന്ധാംകുന്നിലമ്മയുടെ ദാരുവിഗ്രഹത്തിന് ചൈതന്യം പകരുവാൻ കൊല്ലം തോറും നടത്തിവരുന്ന ചാന്താട്ടം (ചാന്താഭിഷേകം) ഭക്തിസാന്ദ്രമായി. ഈ വർഷത്തെ ആദ്യത്തെ ചാന്താട്ടമാണ് ഇന്നലെ നടന്നത്. രാവിലെ 9.30നുള്ള പന്തിരടി പൂജക്കു ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. മുൻകൂട്ടി തയ്യാറാക്കിവച്ച ചാന്ത് വാദ്യങ്ങളുടെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. നാലമ്പലത്തിനകത്ത് പ്രത്യേകം ഒരുക്കിയ ശിവന്റെ മുഖമണ്ഡപത്തിൽ തന്ത്രിയുടെ പ്രത്യേക പൂജകൾക്കശേഷം നവകം, പഞ്ചഗവ്യം, കളഭം എന്നിവയ്‌ക്കൊപ്പം ചാന്തും കലശമാക്കുന്നു. നവകം, പഞ്ചഗവ്യം, കളഭം എന്നിവ അർച്ചനാ ബിംബത്തിലും ചാന്ത് ദാരു ബിംബത്തിലുമാണ് അഭിഷേകം ചെയ്യുന്നത്. മാതൃശാലയിലെ ദാരുനിർമ്മിതമായ സപ്തമാതൃക്കൾക്കും ഒടുവിൽ ക്ഷേത്രപാലനും ചാന്തഭിഷേകം നടത്തി. തുടർന്ന് ഉച്ചപ്പൂജയോടുകൂടി പടങ്ങുകൾ പൂർണ്ണമായി. ഒരു തവണത്തെ ചാന്താട്ടത്തിന് 15 ലിറ്റർ ചാന്താണ് ഉപയോഗിക്കുന്നത്. പ്രത്യേക തരം തേക്കിൽ നിന്ന് മാസങ്ങൾക്ക് മുമ്പുള്ള പ്രത്യേക പ്രക്രിയയിലൂടെയാണ് ചാന്ത് തയ്യാറാക്കുന്നത്. മിഥുനം, കർക്കിടക മാസങ്ങളിൽ മഴ പെയ്തു തണുത്ത അന്തരീക്ഷത്തിലാണ് ചാന്താഭിഷേകം നടത്തുക. ചാന്താട്ടത്തിന് മുമ്പായി ആടയാഭരണങ്ങൾ മുഴുവനും അഴിച്ചുവയ്ക്കുന്നതാണ്. പിന്നീട് കന്നിമാസത്തിലെ ആയില്യം നക്ഷത്ര ദിവസം മുതലാണ് വീണ്ടും ആഭരണങ്ങൾ ചാർത്തി തുടങ്ങുക. അടുത്ത ചാന്താട്ടം ആഗസ്റ്റ് ഒമ്പതിന് ശനിയാഴ്ച്ചയാണ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |