വാഷിംഗ്ടൺ: ഗാസയിലെ വെടിനിറുത്തലിനായി കഴിഞ്ഞ മൂന്ന് ദിവസമായി ഖത്തറിൽ തുടരുന്ന ഇസ്രയേൽ-ഹമാസ് പരോക്ഷ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. വെടിനിറുത്തൽ കാലയളവിൽ ഗാസയിലേക്കുള്ള സഹായ വിതരണം, ഇസ്രയേൽ സൈന്യത്തിന്റെ പിൻമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഇരുകൂട്ടരും സമവായത്തിൽ എത്തിയിട്ടില്ല.
അതേസമയം,പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും ഈ ആഴ്ച അവസാനത്തോടെ കരാറിൽ ഒപ്പിടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മദ്ധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. കരാറിനെ തടസപ്പെടുത്തുന്ന തർക്ക വിഷയങ്ങളുടെ എണ്ണം നാലിൽ നിന്ന് ഒന്നായി കുറഞ്ഞെന്നും വിറ്റ്കോഫ് അവകാശപ്പെട്ടു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 60 ദിവസത്തെ വെടിനിറുത്തൽ യാഥാർത്ഥ്യമാക്കാനാണ് ശ്രമം തുടരുന്നത്. അതേ സമയം, യു.എസിൽ തുടരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ വിഷയത്തിൽ ട്രംപുമായി രണ്ടാം തവണയും ചർച്ച നടത്തി.
ഈ ആഴ്ച തന്നെ കരാറിൽ ധാരണയിലെത്താൻ ട്രംപ് നെതന്യാഹുവിന് മേൽ പരമാവധി സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതേ സമയം, ചർച്ചകൾ തുടരുന്നതിനിടെയിലും ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണങ്ങൾക്ക് ശമനമില്ല. ഇന്നലെ 40ഓളം പാലസ്തീനികൾ കൊല്ലപ്പെട്ടു. ആകെ മരണം 57,680 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |