സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ ഇത്തവണ നടത്തിയ കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലങ്ങളിലേക്ക് വളരുകയാണ്. അവസാനനിമിഷം നടപ്പാക്കിയ പരിഷ്കാരപ്രകാരം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കിയത് ഇന്നലെ ഡിവിഷൻ ബെഞ്ചും അംഗീകരിച്ചു. നിയമയുദ്ധം നിറുത്തി മുൻവർഷത്തെപ്പോലെ തന്നെ പ്രവേശനം നടത്താനുള്ള സർക്കാർ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹമായി.
70000 ഓളം വിദ്യാർത്ഥികളെ ബാധിക്കുന്ന പരിഷ്കാരം കൊണ്ടുവരുമ്പോൾ വേണ്ടത്ര ഗൃഹപാഠം ചെയ്യേണ്ടതായിരുന്നു. തിരക്കിട്ട് നടത്തിയ പരിഷ്കാരമാണ് ഇപ്പോഴത്തെ അങ്കലാപ്പിന് കാരണമായത്. അയൽ സംസ്ഥാനങ്ങളിൽ എൻജിനിയറിംഗ് പ്രവേശനം ആരംഭിച്ച സമയമാണിത്. കേരളത്തിലെ ശരാശരി 20,000ഓളം വിദ്യാർത്ഥികൾ വർഷാവർഷം അയൽ സംസ്ഥാനങ്ങളിൽ എൻജിനിയറിംഗിന് പഠിക്കാൻ പോകുന്നുണ്ട്. പ്രവേശന നടപടികൾ നീണ്ടുപോയിരുന്നെങ്കിൽ ഒരുപക്ഷേ സമർത്ഥരായ വിദ്യാർത്ഥികൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായേനെ.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രധാനപ്പെട്ട പ്രവേശനപരീക്ഷകളിലൊന്നും പ്ളസ് ടൂ മാർക്ക് കണക്കാക്കാറില്ല. പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം നോക്കി റാങ്ക് നിർണയിക്കുന്നതാണ് ശാസ്ത്രീയമായ രീതി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പതിറ്റാണ്ടുകളായി കുറ്റമറ്റ ഈ രീതിയാണ് പിന്തുടരുന്നത്. ജെ.ഇ.ഇ മെയിനും,ജെ.ഇ.ഇ അഡ്വാൻസും നീറ്റ് പ്രവേശന പരീക്ഷകളും ഇതേ രീതി തന്നെ അവലംബിക്കുന്നു. കീമിനും ഇതിലേക്ക് മാറാവുന്നതേയുള്ളൂ.
ഇത്രയും കാലം നോർമ്മലൈസേഷൻ പ്രക്രിയയിൽ വലിയ വിമർശനങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷമാണ് ചില രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതികരിച്ചുതുടങ്ങിയത്. അത് കണ്ടാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ ഇത്തവണ അവസാനനിമിഷം പ്രോസ്പെക്ടസിൽ മാറ്റം വരുത്തിക്കൊണ്ട് പുതിയ നോർമ്മലൈസേഷൻ പ്രക്രിയ കൊണ്ടുവന്നത്. ഇതിന്റെ അനന്തരഫലം സ്റ്റേറ്റ് സിലബസിന് ഗുണകരവും സി.ബി.എസ്.ഇ /ഐ,സി.എസ്.സി വിദ്യാർത്ഥികൾക്ക് പ്രതികൂലവുമായി.
സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസിനെപ്പോലെ തന്നെ കേന്ദ്രസിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുമുണ്ടെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ മനസിലാക്കണം. അവരും മലയാളികൾ തന്നെയാണ്. കേരള സിലിബസിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പരിഷ്കാരമെന്ന് ചിലരൊക്കെ വ്യാഖ്യാനിക്കുന്നത് പക്ഷപാതപരമായ നിലപാടാണ്. അടുത്തവർഷം മുതൽ പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം ഉൾപ്പെടുത്തി ശാസ്ത്രീയമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാൽ പ്രതിസന്ധികളും സങ്കീർണതകളും ഒഴിവാക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |