കാസർകോട്: ഭൂനികുതി അടയ്ക്കാൻ സമ്മതിക്കാതെ ക്യാൻസർ രോഗിയായ വീട്ടമ്മയെ ഏഴ് വർഷമായി വട്ടംചുറ്റിച്ച് റവന്യു വകുപ്പ്. കിടപ്പാടത്തിന്റെ പേരിൽ കേസുണ്ടെന്ന ഇല്ലാക്കഥ പറഞ്ഞാണിത്. ചെറുവത്തൂർ വടക്കുമ്പാട്ടെ പി.കണ്ണൻ നായരുടെയും തളിയിൽ പാർവതി അമ്മയുടെയും മകൾ തളിയിൽ കാർത്ത്യായനി (67) മുഖ്യമന്ത്രിക്കും റവന്യുവകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.
തലശ്ശേരിയിലെ ക്യാൻസർ സെന്ററിൽ നാലുവർഷമായി ചികിത്സയിലാണിവർ. കഴുത്തിൽ രണ്ടുതവണ ശസ്ത്രക്രിയയും 35 റേഡിയേഷനും കഴിഞ്ഞു. പുല്ലാഞ്ഞിപ്പാറയിലെ കുടുംബസ്വത്ത് വിറ്റാണ് ചികിത്സ നടത്തിയത്. അച്ഛനും അമ്മയും 15 വർഷം മുമ്പും അപകടത്തെ തുടർന്ന് കിടപ്പിലായ ഭർത്താവ് ഐക്കോടൻ നാരായണൻ രണ്ടുവർഷം മുമ്പും മരിച്ചു. ഇവർക്ക് മക്കളില്ല. ഒറ്റയ്‌ക്കാണ് താമസം. അച്ഛന്റെ മരണശേഷം ഓഹരിയായി ലഭിച്ച 24 സെന്റ് സ്ഥലത്ത് കരിങ്കല്ല് ചുമന്നുകിട്ടിയ കൂലിപ്പണംകൊണ്ട് കാർത്ത്യായനി വീടു പണിതു.
കേസുള്ളതിനാലാണ് ഭൂനികുതി എടുക്കാത്തതെന്ന് ചെറുവത്തൂർ വില്ലേജ് ഓഫീസർ പറയുന്നു. ചോദിച്ചാൽ കേസിന്റെ വിവരങ്ങൾ പറയുന്നുമില്ല. ആരും കേസ് നൽകിയതായി കാർത്ത്യായനിക്ക് അറിയില്ല. സഹോദരങ്ങളായ ഗോപാലകൃഷ്ണനും അച്യുതനും ഒപ്പമുണ്ട്. സർവേ നമ്പർ 344/6 പ്രകാരമുള്ള സ്ഥലത്തിന് 2017-18 വർഷത്തിൽ 39 രൂപ നികുതി അടച്ചശേഷം പിന്നെ വാങ്ങിയിട്ടില്ല. 2018ലും 2023ലും താലൂക്ക് സർവേയർ എത്തി അളന്നുനൽകാമെന്ന് സമ്മതിച്ചിരുന്നെങ്കിലും റവന്യു ഉദ്യോഗസ്ഥർ വന്നില്ലെന്ന് കാർത്ത്യായനി പറയുന്നു.
അയൽവാസിയുടെ ഭീഷണിയും
റവന്യു വകുപ്പ് അധികാരികൾ ചുറ്റിക്കുന്നതിനു പുറമെയാണ് അയൽവാസിയുടെ ഭീഷണി. ഇവരുടെ ഭൂമി കൈയേറി അയൽവാസി കല്ലുകെട്ടി. പരാതി നൽകിയതിനെത്തുടർന്ന് ചന്തേര എസ്.ഐ എത്തി കല്ലുകെട്ടുന്നത് തടഞ്ഞിരുന്നു. പിന്നീട് അയൽവാസിയുടെ ഭീഷണി കാരണം ജ്യേഷ്ഠന്റെ മകളുടെ വീട്ടിലാണ് കാർത്ത്യായനി രാത്രി കിടന്നുറങ്ങാൻ പോകുന്നത്.
2018ൽ നികുതി അടച്ച ശേഷമാണ് വീട് കെട്ടാൻ തുടങ്ങിയത്. 2019ൽ നികുതി അടയ്ക്കാൻ പറ്റില്ല, കേസുണ്ട് എന്നുപറഞ്ഞു. പിന്നീട് ഞാൻ അസുഖം ബാധിച്ചു കിടപ്പിലായി. നീതി നൽകാതെ എന്നെ പറ്റിക്കുകയാണ്.
തളിയിൽ കാർത്ത്യായനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |