കോഴിക്കോട്:നാലുവർഷ കോഴ്സുകളുടെ നടത്തിപ്പിന് അനുബന്ധ ജീവനക്കാരില്ലാത്തതിനാൽ ജോലിഭാരത്തിൽ വീർപ്പുമുട്ടി അദ്ധ്യാപകർ.അദ്ധ്യാപനത്തിന് പുറമെ വിവിധ സെമസ്റ്ററുകളിൽ കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള ആയിരക്കണക്കിന് അപേക്ഷകൾ തരംതിരിക്കണം.പല വാഴ്സിറ്റികളും ഇതിനുള്ള സോഫ്റ്റ് വെയർ നൽകിയിട്ടില്ല.കാലിക്കറ്റ് വാഴ്സിറ്റിയിൽ ഒരു വർഷമായി മൈനർ,എം.ഡി.സി (മൾട്ടി ഡിസിപ്ളിനറി കോഴ്സ്) തിരഞ്ഞെടുപ്പ് അതീവ ദുഷ്കരമാണ്.ഇന്റേണൽ പരീക്ഷകൾ മാത്രം നടത്തിയിരുന്ന കോളേജുകൾക്ക് ഇപ്പോൾ ഓഡ് സെമസ്റ്ററുകളിൽ അന്തിമ പരീക്ഷകൾ,ചോദ്യപേപ്പർ അച്ചടി,പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയ ക്യാമ്പ്, മാർക്ക് ലിസ്റ്റ് തയ്യാറാക്കൽ, വെബ്സൈറ്റിൽ മാർക്ക് അപ്‌ലോഡ് ചെയ്യൽ ജോലികളുമുണ്ട്. ചോദ്യപേപ്പർ അച്ചടിച്ചെലവ് പി.ടി.എ ഫണ്ടിൽ നിന്ന് എടുക്കേണ്ടിവരുന്നത് പ്രവർത്തനങ്ങളെ ബാധിക്കുക മാത്രമല്ല, തിരികെ കിട്ടാനും വെെകും.നാലുവർഷബിരുദ പരീക്ഷയ്ക്ക് ചിലയിടങ്ങളിൽ ഓരോ വിഷയത്തിനും പത്തോളം ചോദ്യപേപ്പറുകൾ കോളേജുകളിലെ അദ്ധ്യാപകരെക്കൊണ്ട് ചെയ്യിച്ച് അവയിലൊന്ന് തിരഞ്ഞെടുക്കുകയാണ്. ഇതുമൂലം പരീക്ഷകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടും. മുമ്പ് മൂന്നുവർഷ കോഴ്സുകളുടെ മുഴുവൻ പരീക്ഷകളും മൂല്യനിർണയവും വാഴ്സിറ്റികൾ നേരിട്ടാണ് നടത്തിയിരുന്നത്. ഇതിനായി രജിസ്റ്റർ ചെയ്യുന്ന ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരെ സർവകലാശാലകളിൽ നിയമിച്ചിട്ടുണ്ട്. പരീക്ഷാ ചുമതല മാറ്റിയപ്പോൾ അവരെ കോളേജുകളിലേക്ക് പുനർവിന്യസിച്ചില്ല. ചോദ്യപേപ്പർ തയ്യാറാക്കിയതിന്റെ പ്രതിഫലവും മൂല്യനിർണയ വേതനവും അദ്ധ്യാപകർക്ക് കൃത്യമായി കിട്ടുന്നുമില്ല.
അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷാഫലം വൈകാതിരിക്കാൻ അവരുടെ മാത്രം പരീക്ഷകളും മൂല്യനിർണയവുമാണ് മുമ്പ് വെക്കേഷനിൽ നടത്തിയിരുന്നത്. നാലുവർഷ ബിരുദം വന്നതോടെ കൂടുതൽ പരീക്ഷകളും മൂല്യനിർണയ ക്യാമ്പുകളും നടത്തുന്നതിനാൽ അദ്ധ്യാപകർക്ക് വേനലവധിയില്ലാതാകുന്നു. വെക്കേഷൻ സ്റ്റാഫെന്ന നിലയ്ക്ക് മറ്റ് ജീവനക്കാരെക്കാൾ അദ്ധ്യാപകർക്ക് അവധി കുറവാണ്.
അദ്ധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കിയില്ലെങ്കിൽഗവ. കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സമരത്തിനിറങ്ങും.
-പ്രൊഫ. ലിയാഖത്ത് അലി,
കോ ഓർഡിനേറ്റർ,
കാലിക്കറ്റ് യൂണിവേഴ്സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |