നാല് ലക്ഷം കോടി ഡോളർ മൂല്യമുള്ള ലോകത്തിലെ അദ്യ കമ്പനി
കൊച്ചി: നാല് ലക്ഷം കോടി ഡോളർ വിപണി മൂല്യം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന പദവിയോടെ അമേരിക്കയിലെ പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ ചരിത്രം സൃഷ്‌ടിച്ചു. ബുധനാഴ്ച കമ്പനിയുടെ ഓഹരി വില അമേരിക്കൻ എക്സ്‌ചേഞ്ചുകളിൽ റെക്കാഡ് ഉയരമായ 164 ഡോളറിലെത്തിയതോടെയാണ് ചരിത്ര നേട്ടം. ജനറേറ്റീവ് നിർമ്മിത ബുദ്ധി(എ.ഐ) രംഗത്തുണ്ടാകുന്ന കുതിപ്പാണ് എൻവിഡിയയുടെ ഓഹരി വില ഉയർത്തുന്നത്. ആഗോള ഭൗമ സംഘർഷങ്ങളും ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയ്ക്ക് യു.എസ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതും മറികടന്നാണ് കമ്പനി നേട്ടമുണ്ടാക്കുന്നത്. മൈക്രോസോഫ്‌റ്റിനെയും ആപ്പിളിനെയും പിന്തള്ളിയാണ് എൻവിഡിയ കുതിക്കുന്നത്. 1993ൽ സ്ഥാപിതമായ എൻവിഡിയയുടെ തലവര മാറ്റിയെഴുതിയത് നിർമ്മിത ബുദ്ധിയിലെ താരമായ ചാറ്റ്ജി.പി.ടിയുടെ വരവാണ് . ലാർജ് ലാഗ്വേജ് മോഡലുകൾക്ക്(എൽ.എൽ.എം) കരുത്ത് പകരുന്ന ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ നിർമ്മിക്കുന്നതിൽ വിപണി മേധാവിത്തം എൻവിഡയ്‌ക്കാണ്.
നൂറ് കോടിയിൽ നിന്ന് നാല് ലക്ഷം കോടി ഡോളറിലേക്ക്
ഇരുപത്തിയാറ് വർഷത്തിനിടെയാണ് എൻവിഡിയയുടെ വിപണി മൂല്യം നൂറ് കോടി ഡോളറിൽ നിന്ന് നാല് ലക്ഷം കോടി ഡോളറിലായത്. എൻവിഡിയ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) 1999ൽ നടത്തുമ്പോൾ ഓഹരി വില 16 ഡോളറും വിപണി മൂല്യം നൂറ് കോടി ഡോളറുമായിരുന്നു. അന്ന് മൈക്രോസോഫ്‌റ്റിന്റെ വിപണി മൂല്യം 348 കോടി ഡോളറായിരുന്നു.
എൻവിഡിയ മൂല്യവളർച്ച
വർഷം : മൂല്യം
1999 - നൂറ് കോടി ഡോളർ
2007 -1,000 കോടി ഡോളർ
2016 - 3,000 കോടി ഡോളർ
2018 - 10,000 കോടി ഡോളർ
2023 - ഒരു ലക്ഷം കോടി ഡോളർ
2024 ഫെബ്രുവരി- രണ്ട് ലക്ഷം കോടി ഡോളർ
2024 ജൂൺ - മൂന്ന് ലക്ഷം കോടി ഡോളർ
2025 ജൂലായ് -നാല് ലക്ഷം കോടി ഡോളർ
എൻവിഡിയ
ജെൻസെൻ ഹുവാംഗ്, ക്രിസ് മാലാചൗസ്‌കി, കുട്ടിസ് പ്രീം എന്നിവർ ചേർന്ന് 1993ൽ ഗ്രാഫിക് പ്രോസസറുകൾ, കംപ്യൂട്ടർ ചിപ്പുകൾ തുടങ്ങിയവ നിർമ്മിക്കുന്ന എൻവിഡിയ കാലിഫോർണിയയിൽ ആരംഭിച്ചത്. ഏറ്റവും വലിയ ഓഹരി ഉടമയായ ജെൻസെൻ ഹുവാംഗ് നിലവിൽ കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒയുമായി പ്രവർത്തിക്കുന്നു.
ഇന്ത്യയുടെ ജി.ഡി.പിയായ 4.2 ലക്ഷം കോടി ഡോളർ എൻവിഡിയ മറികടന്നേക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |