ഷാർജ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങിമരിച്ച കൊല്ലം സ്വദേശി വിപഞ്ചിക മണിയന്റെ ശബ്‌ദസന്ദേശം പുറത്ത്. ഭർത്താവ് നിതീഷുമായി പിണങ്ങിയിട്ട് ഒരു വർഷത്തിലേറെയായി എന്നാണ് യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. മകൾ വൈഭവി ജനിച്ചശേഷം അകൽച്ച കൂടിയെന്നും വിപഞ്ചിക പറയുന്നുണ്ട്.
'ജീവിതത്തിലെ സമ്മദർമെല്ലാം ഞാനാണ് അനുഭവിക്കുന്നത്. വീട്ടുകാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും ഒറ്റയ്‌ക്കാണ് നോക്കുന്നത്. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെയാണ് വീട്ടിൽ കിടക്കുന്നത്. നിതീഷിന് അയാളുടെ കാര്യം മാത്രം. ഒരു വർഷത്തിനിടയ്ക്ക് അയാൾ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയിൽ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. എന്നാൽ നിതീഷ് അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും. അയാളുടെ വായിൽ നിന്ന് പുറത്തുവരുന്ന വാക്കുകൾ മറ്റുള്ളവരോട് പറയാൻ പറ്റാത്തവിധം വളരെ മോശമാണ്. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.
പണത്തോട് ഇത്രമാത്രം ആർത്തിയുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇഷ്ടം പോലെ പണമുണ്ടായിട്ടും അവർക്ക് അതിനോടുള്ള ആർത്തി കുറയുന്നില്ല. അവരെല്ലാം എന്റെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് നോക്കിയിരിക്കുകയാണ്. എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവിൽ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തിലാണ്. ഏഴ് മാസം മാത്രമാണ് നിതീഷ് എന്നോടൊപ്പം കഴിഞ്ഞത്. അയാളും സഹോദരിയും മാതാവും എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്' - വിപഞ്ചിക ശബ്‌ദസന്ദേശത്തിൽ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ളാറ്റിലാണ് വിപഞ്ചികയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്യുന്നത്. ഭർത്താവ് നിതീഷ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ്. സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. വിവാഹ മോചനം നടന്നാൽ പിന്നെ താൻ ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക വീട്ടുജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നെന്നാണ് വിവരം
കഴിഞ്ഞ ദിവസം വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയത്. സംഭവത്തക്കുറിച്ച് വിശദമായി അന്വേഷിക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ മൃതദേഹം ഷാർജ അൽ ഖാസിമി ആശുപത്രിയിലെ മോർച്ചറിയിലാണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ, മകളുടെ മൃതദേഹം ഷാർജയിൽ തന്നെ സംസ്‌കരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒത്തുതീർപ്പായ ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |