കൊല്ലം: ആധുനിക സൗകര്യങ്ങളോടെ നാല് നിലയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടസമുച്ചയം നിർമ്മിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. നിലവിലെ ബസ് ഗ്യാരേജിലാണ് പുതുയ സംവിധാനങ്ങൾ വരിക. പദ്ധതി രൂപരേഖയ്ക്ക് അംഗീകാരം നൽകി. ബഡ്‌ജറ്റിൽ വകയിരുത്തിയ 10 കോടി രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള അഞ്ചുകോടിയും ചേർത്ത് 15 കോടി രൂപ വിനിയോഗിച്ചാണ് പൂർത്തിയാക്കുക. പുതിയ ബസ് സ്റ്റാൻഡിലേക്ക് പുതിയ റോഡും നിർമ്മിക്കും. പ്രധാന നിരത്തിനോട് ചേർന്ന് സ്റ്റാൻഡ് വരുന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും. നിലവിലെ ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തര പ്രാധാന്യത്തോടെ നടത്തി കൂടുതൽ ബലപ്പെടുത്തും. എം.മുകേഷ് എം.എൽ.എ, കളക്ടർ എൻ.ദേവിദാസ്, എ.ഡി.എം ജി.നിർമ്മൽകുമാർ, പൊതുമരാമത്ത്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.
നാലുനില കെട്ടിടം
ഒന്നാം നിലയിൽ ഗ്യാരേജ്, ഓഫീസ്, ഇലട്രിക്കൽസ്റ്റോർ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ, ലിഫ്ട്
രണ്ടാം നിലയിൽ കൊറിയർ റൂം, ശീതീകരിച്ച ഫാമിലി വെയിറ്റിംഗ് റൂം, സ്ത്രീകൾക്ക് ഫീഡിംഗ് റൂം ഉൾപ്പടെയുള്ള പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ, സുരക്ഷാ മുറി, പൊലീസ് എയ്ഡ് പോസ്റ്റ്, പൊതുടോയ്‌ലെറ്റ്, ബുക്കിംഗ്/അന്വേഷണ കൗണ്ടറുകൾ
മൂന്നാം നിലയിൽ പുരുഷന്മാർക്കുള്ള ഡോർമെറ്ററി, ഷീ ഷെൽട്ടർ, കെയർ ടേക്കർ മുറി, റെസ്റ്റോറന്റ്
നാലാം നിലയിൽ ഡ്രൈവർ/ കണ്ടക്ടർ, സ്ത്രീ ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ബഡ്‌ജറ്റ് ടൂറിസം, ഡി.ടി.ഒ എന്നിവയ്ക്ക് മുറികൾ, ഓഫീസ് ഏരിയ, കോൺഫറൻസ് ഹാൾ.
ആകെ വിസ്തീർണം
34,432 ചതുരശ്ര അടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |