അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ ഭക്തർക്കായി അമിനിറ്റി സെന്റർ ഒരുക്കും. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തെ ദേവസ്വം സത്രം പൊളിച്ചു നീക്കിയായാണ് സെന്റർ നിർമ്മിക്കുക. 40 വർഷം പഴക്കമുള്ള സത്രം താമസയോഗ്യമല്ലാതായതോടെ കഴിഞ്ഞ രണ്ടു വർഷമായി ഇത് ഭാഗികമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ അന്യ നാടുകളിൽ നിന്ന് ക്ഷേത്ര ദർശനത്തിനെത്തുന്നവർ സ്വകാര്യ ലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്. ഇക്കാര്യം
ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എച്ച് .സലാം, പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് അമിനിറ്റി സെന്ററിനായി പണം അനുവദിപ്പിച്ചത്. അമിനിറ്റി സെന്ററിന് പുറമെ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ അരങ്ങേറുന്ന സ്റ്റേജും ഇതിനോടനുബന്ധിച്ചുള്ള ഓപ്പൺ എയർ ഓഡിറ്റോറിയവും പുനർനിർമ്മിക്കും. അഞ്ച് കോടിക്ക് പുറമെ ബഡജറ്റ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷനാണ് (കിഡ്ക്) നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡംഗം അഡ്വ.എ.അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ യോഗം വിളിച്ചു ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, അംഗങ്ങളായ സുഷമ രാജീവ്, കവിത, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എം.എം.നിഖിൽലാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത്ത്, ദേവസ്വം എക്സിക്യൂട്ടീവ് എൻജിനിയർ (മാവേലിക്കര) ഗീത ഗോപാലകൃഷ്ണൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എ. നിഹാൽ, അസിസ്റ്റന്റ് എൻജിനിയർ മധു, ടൂറിസം അസിസ്റ്റന്റ് എൻജിനിയർ എസ് .വിമൽ കുമാർ, കിഡ്ക് പ്രോജക്ട് എൻജിനിയർ ശില്പ എന്നിവർ പങ്കെടുത്തു.
രണ്ട് നില, 17300 സ്ക്വയർ ഫീറ്റ്
അഞ്ചുകോടി രൂപ ചെലവിൽ രണ്ടു നിലകളിലായി 17300 സ്ക്വയർ ഫീറ്റിൽ പൂർത്തിയാക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയിൽ ഒമ്പത് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും, മുകൾനിലയിൽ 11 ഡീകലക്സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ് ഉണ്ടാകുക. വിശാലമായ പാർക്കിംഗ് സൗകര്യത്തിന് പുറമെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായ പ്രത്യേക ഡോർമെറ്ററികൾ, സ്റ്റോറേജ്, ടോയ്ലെറ്റ് സംവിധാനവുമുണ്ടാകും.ദൂരസ്ഥലങ്ങളിൽ നിന്ന് അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ താമസമൊരുക്കുന്നതിന്റെ ഭാഗമായാണ് അമിനിറ്റി സെന്റർ നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |