കോഴിക്കോട്: എട്ടുമാസം കഴിഞ്ഞിട്ടും പ്ലാനിന് കോർപ്പറേഷൻ അനുമതി നൽകാത്തതിനാൽ മെഡി.കോളേജ് ബസ് ടെർമിനൽ നിർമ്മാണം അനിശ്ചിതത്വത്തിൽ. അഞ്ച് ലക്ഷം ചതുരശ്ര അടിയുള്ള ബസ് ടെർമിനൽ നിർമ്മിക്കാനായി 2024 നവംബറിലാണ് കരാർ കമ്പനിയായ മിൻഫ്ര സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേഷനിൽ അപേക്ഷ നൽകിയത്. ടൗൺ സർവേ റിപ്പോർട്ട് കിട്ടിയില്ല, രേഖകളുടെ പരിശോധന നടത്തുകയാണ് തുടങ്ങിയ ന്യായങ്ങളാണ് കോർപ്പറേഷൻ നിരത്തുന്നതെന്ന് കരാർ കമ്പനി അധികൃതർ ആരോപിച്ചു. പുതിയ പ്ലാനിൽ എട്ടുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് ബസ് സ്റ്റാൻഡ് സമുച്ഛയം ഒരുക്കിയിട്ടുള്ളത്. മെഡി. കോളേജ് ജംഗ്ഷന് സമീപം മൂന്നര ഏക്കറിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ ബസ് ടെർമിനൽ നിർമാണത്തിന് 2009ൽ അന്നത്തെ മന്ത്രി പാലോളി മുഹമ്മദുകുട്ടിയാണ് തറക്കല്ലിട്ടത്. എന്നാൽ ഭൂമി സംബന്ധമായ നിയമ പ്രശ്നങ്ങളെ തുടർന്ന് 2011ൽ വിജിലൻസ് കേസ് ഫയൽ ചെയ്തതോടെ നിർമ്മാണം നിലച്ചു. 2023ൽ തള്ളിപ്പോയതോടെയാണ് മിൻഫ്ര സ്ട്രക്ചേഴ്സ് കോർപ്പറേഷനിൽ പുതിയ പ്ലാനിന് അപേക്ഷ നൽകിയത്. മെഡിക്കൽ കോളേജ്- മാവൂർ റോഡിന് സമീപത്താണ് ടെർമിനലിനായി സ്ഥലം കണ്ടെത്തിയത്.
ദുരിതംപേറി യാത്രക്കാർ
തറക്കല്ലിട്ട് 15 വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് ബസ് ടെർമിനൽ യാഥാർത്ഥ്യമാകാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. ടെർമിനൽ ഉടനെത്തുമെന്ന പേരിൽ മെഡിക്കൽ കോളേജിൽ നിന്ന് മാവൂർ ഭാഗത്തേക്ക് പോകുന്നിടത്തെ ബസ് കാത്തിരിപ്പുകേന്ദ്രം രണ്ടുവർഷം മുമ്പ് കോർപ്പറേഷൻ പൊളിച്ചത്. ഇതോടെ പൊരി വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ബസ് കാത്തുനിൽക്കേണ്ട അവസ്ഥയായി. ഈ ഭാഗത്ത് ആംബുലൻസുകൾ നിറുത്തിയിടുന്നതിനാൽ ബസ് കയറാൻ റോഡിലിറങ്ങേണ്ട സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർത്ഥികളുമടക്കം നൂറുകണക്കിനാളുകളാണ് ഇവിടെ നിന്ന് ബസ് കയറുന്നത്. സ്റ്റോപ്പില്ലാത്തതിനാൽ ഫുട്ട്പാത്തിലാണ് ബസ് കാത്തുനിൽക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. കാൽനടയാത്രികരും രോഗികളും ആശുപത്രിയിലേക്ക് ലാബ് പരിശോധന, മരുന്നുവാങ്ങൽ തുടങ്ങി പലതിനുമായി പരക്കം പായുന്ന ഈ സ്ഥലത്ത് ഗതാഗതവും തോന്നിയത് പോലെയാണ്.
'' ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്തെ 20 സെന്റോളം സർക്കാർ ഭൂമിയാണ്. ഇതു ലീസിനു ലഭിക്കാൻ കോർപ്പറേഷൻ അപേക്ഷ നൽകിയിട്ടുണ്ട് "- ഇ.എം സോമൻ, കൗൺസിലർ
'' ബസ് സ്റ്റാൻഡ് നിർമ്മാണം വേഗത്തിലാക്കാൻ സമരപരിപാടിയുമായി മുന്നോട്ടുപോകും. അതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഓപ്പൺ ചർച്ച സംഘടിപ്പിക്കും' -ടി.കെ.അസീസ്, പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |