ന്യൂഡൽഹി: വിമാനത്തിലെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച്. എൻജിൻ സ്റ്റാർട്ട് ആക്കുന്ന സമയത്തും ഷട്ട് ഡൗൺ ആക്കുന്ന സമയത്തും ഇവ ഉപയോഗിക്കും.
എൻജിൻ പ്രവർത്തിച്ചില്ലെങ്കിൽ ഇവ ഉപയോഗിച്ച് റീസ്റ്റാർട്ട് ചെയ്യാനും സാധിക്കും. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിന്റെ കോക്പിറ്റിലെ ത്രസ്റ്റ് ലിവറിന് താഴെയാണ് ഇവയുള്ളത്. പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിക്കണം. അതിനുശേഷമേ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫിലേക്കും' തിരിച്ചും മാറ്റാൻ കഴിയുകയുള്ളു.
സ്വിച്ചുകൾ അറിയാതെ പൊസിഷൻ മാറിയെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രണ്ട് എൻജിനുകൾക്കും വെവ്വേറെയാണ് സ്വിച്ചുകൾ. അവ പ്രത്യേകമായി തന്നെ മാറ്റണം. ബോയിംഗിൽ മൾട്ടിപിൾ പ്രൊട്ടക്ഷൻ സംവിധാനമുണ്ട്. സോഫ്റ്റ്ർവെയർ സിഗ്നൽ തകരാറോയെന്ന് ചോദ്യമുയരുന്നെങ്കിലും, ഡിജിറ്റൽ കൺട്രോൾ സിഗ്നൽ തകരാർ ഇതുവരെ ബോയിംഗ് വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വിദഗ്ദ്ധർ പറയുന്നു.
റാറ്റ് പ്രവർത്തിച്ചു
രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമാകുക, ഇലക്‌ട്രിക് - ഹൈഡ്രോളിക് സംവിധാനങ്ങൾ പരാജയപ്പെടുക എന്നീ സാഹചര്യങ്ങളിൽ ഓട്ടോമാറ്രിക്കായി പ്രവർത്തിക്കുന്ന റാറ്റ് (റാം എയ ടർബൈൻ) ഡ്രീംലൈനറിലും പ്രവർത്തിച്ചു. ഇക്കാര്യം തെളിയിക്കുന്ന സി.സി.ടി.വി ചിത്രം എ.എ.ഐ.ബി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളിൽ വിമാനത്തിന് ഹൈഡ്രോളിക് - ഇലക്‌ട്രിക് പവർ നൽകുന്ന ചെറിയ ടർബൈൻ ആണ് റാറ്റ്.
ഇനി പരിശോധിക്കാനുള്ളത്
# ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പിഴവ്
# സാങ്കേതിക തകരാറുകൾ,
# പൈലറ്റിന് പിഴവുണ്ടായോ, ഓപ്പറേഷനൽ അപാകതകൾ
# കോക്ക്പിറ്റ് വോയ്‌സ് റെക്കാഡർ(സി.വി.ആർ), ഫ്ലൈറ്റ് ഡേറ്റ റെക്കാഡർ (എഫ്.ഡി.ആർ) എന്നിവയുടെ സമഗ്ര പരിശോധന
# രണ്ട് എൻജിനുകൾ, വിമാനാവശിഷ്‌ടങ്ങൾ,ടാങ്കുകളിൽ നിന്ന് ഇന്ധനത്തിന്റെ സാമ്പിൾ, ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ബ്ലാക് ബോക്‌സ് എന്നിവ മാത്രമാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
``പ്രാഥമികാന്വേഷണ റിപ്പോർട്ട് മാത്രമാണ് ലഭിച്ചതെന്നും
അന്തിമ റിപ്പോർട്ട് വന്നശേഷമേ വ്യക്തത വരുകയുള്ളൂ``
- രാംമോഹൻ നായിഡു കിൻജരാപു,
കേന്ദ്ര വ്യോമയാന മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |