ബംഗളൂരു: സെൽഫിയെടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തിൽ നിന്ന് നദിയിലേക്ക് തള്ളിയിട്ട് നവവധു. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കൃഷ്ണ നദിക്ക് കുറുകെയുളള ഗുർജാപൂർ പാലത്തിൽ നിന്നാണ് തള്ളിയിട്ടത്. ഒഴുക്കിൽപ്പെട്ട യുവാവിന് ഒരു പാറയിൽ പിടിച്ചുനിൽക്കാനായി. ബഹളംവച്ചതോടെ നാട്ടുകാർ ഓടിയെത്തി. അബദ്ധത്തിൽ കാൽവഴുതി വീണെന്നാണ് യുവതി പറഞ്ഞത്. നാട്ടുകാർ കയർ ഇട്ടുകൊടുത്ത് യുവാവിനെ രക്ഷപ്പെടുത്തി. ഭാര്യ തന്നെ തള്ളിയിടുകയായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തിയതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. യുവാവും ഭാര്യയും ഭാര്യവീട്ടിൽനിന്ന് വരികയായിരുന്നു. പാലത്തിന് സമീപത്തെത്തിയപ്പോൾ ഫോട്ടോയെടുക്കാമെന്ന് നിർബന്ധിച്ച് ഭാര്യയാണ് ബൈക്ക് നിറുത്തിച്ചതെന്ന് യുവാവ് പറയുന്നു. പാലത്തിന്റെ അരികിലായി നദിക്ക് അഭിമുഖമായിനിന്ന് സെൽഫിയെടുക്കാൻ നിർബന്ധിച്ചു. നിന്നയുടൻ ഭാര്യ തന്നെ തള്ളിയിടുകയായിരുന്നെന്നും യുവാവ് ആരോപിച്ചു. എന്നാൽ ആരോപണം യുവതി നിഷേധിച്ചു.
അതേസമയം,ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകൾ പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |