കൊല്ലം: ശുദ്ധവായുവിനായി ലൈവ് ഓക്സിജൻ പാർലർ എന്ന സന്ദേശമുയർത്തി, ഹരിത കേരളം മിഷൻ ജില്ലയിൽ 76.1 ഏക്കറിൽ നട്ടുവളർത്തിയത് 286 പച്ചത്തുരുത്തുകൾ. ചവറ കെ.എം.എം.എല്ലിന്റെയും ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന്റെയും മൈനിംഗ് പൂർത്തിയായ ഭൂമി, കരുനാഗപ്പള്ളി ഗവ. ആയുർവേദ ആശുപത്രി വളപ്പിലെ രണ്ട് സെന്റ്, കോർപ്പറേഷൻ ക്രിമറ്റോറിയത്തിന്റെ 40 സെന്റ് എന്നിവിടങ്ങളിൽ പച്ചത്തുരുത്തുകൾ പൂർത്തിയായി.
കെ.എം.എം.എല്ലിന്റെയും ഐ.ആർ.ഇയുടെയും ഇടങ്ങളിൽ ഹൈബ്രിഡ് കശുമാവും തെങ്ങുമാണ് പരിപാലിക്കുന്നത്. ആലപ്പാട് ഖനനം നടത്തിയ 10 ഏക്കറിൽ പച്ചത്തുരുത്ത് തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നട്ട ഫലവൃക്ഷത്തൈകളുടെയും തദ്ദേശ സസ്യജാലങ്ങളുടെയും പരിപാലനം, നിലമൊരുക്കൽ, ജൈവവേലി നിർമ്മാണം എന്നിവയാണ് ചിറക്കരയിൽ നടപ്പാക്കിയത്.
കുളത്തൂപ്പുഴയിലെ പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള 30 സെന്റിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപവും പട്ടികജാതി കൈത്തറി നെയ്ത്ത് കേന്ദ്രത്തോട് ചേർന്നുള്ള പ്രദേശത്തുമായി മൂന്ന് തുരുത്തുകൾ നിർമ്മിച്ചു. ജൈവവൈവിദ്ധ്യ ബോർഡ്, കൃഷിവകുപ്പ്, തൊഴിലുറപ്പ്, സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വന മാതൃകയിൽ പച്ചത്തുരുത്ത്
വംശനാശഭീഷണി നേരിടുന്നവയെ കണ്ടെത്തി നട്ടുപരിപാലിക്കും
ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തും
വൃക്ഷങ്ങൾ കാർബൺ ഡയോക്‌സൈഡ് ആഗിരണം ചെയ്യുന്ന കാർബൺ കലവറകളാകും
പ്രദേശത്തെ അന്തരീക്ഷം പച്ചത്തുരുത്ത് നിയന്ത്രിക്കും
പക്ഷികളുടെയും ഷഡ്പദങ്ങളുടെയും ആവാസ മേഖലയാവും
പച്ചത്തുരുത്തിന് വേണ്ടത് കുറഞ്ഞത് അര സെന്റ്
ജില്ലയിൽ നട്ടുവളർത്തിയത്
286
പച്ചത്തുരുത്തുകൾ
76.1
ഏക്കറിൽ
അപൂർവ വൃക്ഷങ്ങളും
കശുമാവ്, തെങ്ങ്, പ്ലാവ്, മാവ്, കുടംപുളി, വാളൻ പുളി, നെല്ലി, അരിനെല്ലി, കമ്പകം, ഞാവൽ, ആര്യവേപ്പ്, കറിവേപ്പ്, മാതളനാരകം, മൂട്ടിപ്പഴം, സീതപ്പഴം, ഇലഞ്ഞി, പേര, കരിങ്ങാലി, അശോകം, അത്തി, മരോട്ടി, മുരിങ്ങ, ജാതി, ആടലോടകം, ചെറൂള, കറ്റാർവാഴ, കിരിയാത്ത്, ബ്രഹ്മി, വെള്ള മന്ദാരം, എരുക്ക്, ചെറുനാരകം, തെറ്റി, കച്ചോലം, മൈലാഞ്ചി, തുമ്പ, രാമതുളസി, തുളസി, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, രാമച്ചം, തഴുതാമ, കരിനൊച്ചി, തിപ്പലി, പനിക്കൂർക്ക, മുഞ്ഞ, രക്തചന്ദനം, കർപ്പൂരം എന്നിവയാണ് നട്ട് പരിപാലിക്കുന്നത്.
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 6 ലക്ഷം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഇതിൽ ഒന്നരലക്ഷത്തോളം നട്ടു. ബാക്കി സെപ്തംബറിനുള്ളിൽ പൂർത്തിയാക്കും.
എസ്.ഐസക്, ജില്ലാ കോ ഓർഡിനേറ്റർ,
ഹരിത കേരള മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |