ബംഗളുരു : 75 വയസാകുന്ന നേതാക്കൾ വിരമിച്ച് മറ്റുള്ളവർക്ക് വഴിമാറണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ബേലൂർ ഗോപാലകൃഷ്ണ നടത്തിയ പ്രസ്താവന ചർച്ചയാകുന്നു. 75 വയസാകുന്നതോട പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമൊഴിഞ്ഞാൽ പിൻഗാമിയായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വരണമെന്ന് ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു.
ഗഡ്കരി സാധാരണക്കാരനൊപ്പമാണ്. ദേശീയപാതകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗഡ്കരി രാജ്യത്തിനായി നല്ലത് ചെയ്തിട്ടുണ്ട്. അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിലൂടെ എങ്ങനെയുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് ജനങ്ങൾക്ക് അറിയാമെന്നും ബേലൂർ ഗോപാലകൃഷ്ണ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. ധനികർ കൂടുതൽ ധനികർ ആകുന്നെന്ന ഗഡ്കരിയുടെ പ്രസ്താവനയും അദ്ദേഹം ഉദാഹരമണമായി ചൂണ്ടിക്കാട്ടി. ഗഡ്കരിയുടെ ഈ പ്രസ്താവന രാജ്യത്തിന്റെ വികസനത്തിനായി ഒരു ആശയം അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാക്കുന്നു. അങ്ങനെയുള്ളവരെ പ്രധാനമന്ത്രിയാക്കണം. 75 വയസ് തികഞ്ഞവർ സ്ഥാനമൊഴിയേണ്ടി വരുമെന്ന് മോഹൻ ഭാഗവത് സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ ഗഡ്കരിക്കുള്ള സമയം വന്നെന്ന് തനിക്ക് തോന്നുന്നുവെന്നും ബേലൂർ ഗോപാലകൃഷ്ണ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |