ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ഇപ്പോഴും 'സാരേ ജഹാം സേ അച്ഛാ"...(ലോകത്തെ ഏറ്റവും മികച്ചത്) ആണെന്ന് ഇന്ത്യൻ ഗഗനചാരി ശുഭാംശു പറഞ്ഞു. ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകർ ഒരുക്കിയ യാത്ര അയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശർമ്മ 1984ൽ ഇന്ത്യയിലേക്കു നോക്കി മന്ത്റിച്ചതും 'സാരേ ജഹാം സേ അച്ഛാ...' എന്നാണ്. യാത്രയെ അവിശ്വസനീയമെന്നും മാന്ത്രികമെന്നും വിശേഷിപ്പിച്ച ശുഭാംശു, ഒരുപാട് ഓർമ്മകളുമായാണ് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നതെന്നും അത് രാജ്യത്തെ ജനങ്ങളുമായി പങ്കിടുമെന്നും പറഞ്ഞു.
ശുഭാംശു അടങ്ങുന്ന നാലംഗ സംഘവുമായി ആക്‌സിയം 4 ബഹിരാകാശ ദൗത്യം നാളെയാണ് ഭൂമിയിൽ തിരിച്ചെത്തുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3ന് യു.എസിൽ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിലാണ് ദൗത്യത്തിന് ഉപയോഗിച്ചിരിക്കുന്ന ക്രൂ ഡ്രാഗൺ ഗ്രേസ് പേടകത്തിന്റെ ലാൻഡിംഗ്. ഇന്ന് വൈകിട്ട് 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. ജൂൺ 26നാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |