മനില: മികച്ച സേവനം നൽകാനായി കൈക്കൂലി ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കാൻ ജനങ്ങൾക്ക് അനുമതി നൽകി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രീഗോ ഡുറ്റെർട്ടെ. എന്നാൽ ഉദ്യോഗസ്ഥരെ കൊല്ലാൻ പാടുള്ളതല്ല എന്നും പ്രസിഡന്റ് ജനങ്ങളോട് പറഞ്ഞു. അഴിമതിക്കാർക്ക് കാര്യമായ പരിക്ക് മാത്രം വരുത്തിയാൽ മതിയെന്നും അങ്ങനെയുള്ള അവസരത്തിൽ താൻ ജനങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നും ഡുറ്റെർട്ടെ വ്യക്തമാക്കി.
ഇങ്ങനെ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ കരണത്തടിക്കാനും വേണമെങ്കിൽ അവർക്ക് നേരെ തോക്ക് ഉപയോഗിക്കാനും ഡുറ്റെർട്ടെ അനുവാദം നൽകിയിട്ടുണ്ട്. അഴിമതിക്കാരെ ജനങ്ങൾ കൊല്ലാതെ ഇരിക്കുന്നിടത്തോളം അവരെ ശിക്ഷിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ഉത്തര മനിലയിലെ ബാറ്റാൻ പ്രവിശ്യയിൽ വച്ചാണ് ഡുറ്റെർട്ടെ ഈ വിവാദ പ്രസംഗം നടത്തിയത്.
യാഥാസ്ഥിതികമല്ലാത്ത തന്റെ ഭരണനയങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങളെ നേരിടുന്നതിൽ കുപ്രസിദ്ധി നേടിയ ആളാണ് 74കാരനായ റോഡ്രീഗോ ഡുറ്റെർട്ടെ. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥന്റെ കാലിൽ വെടിവയ്ക്കുന്നതാണ് നല്ലതെന്നും അതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നും അങ്ങനെ ചെയ്യുന്നവരെ താൻ സംരക്ഷിച്ചുകൊള്ളാമെന്നും പ്രസിഡന്റ് ജനങ്ങൾക്ക് ഉറപ്പ് നൽകി. സെപ്തംബർ 12നാണ് ഡുറ്റെർട്ടെ ഇക്കാര്യം ജനങ്ങളോട് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |