ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും എം.ജി.ആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി. പുരട്‌ചിത്തലൈവിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിനും നിവേദനവും നൽകി.
തൃശൂരിൽ താമസാക്കിയ കെ.എം. സുനിതയാണ് ആവകാശവാദമുന്നയിക്കുന്നത്. ജയലളിതയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തനിക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തണം എന്നിവയാണ് ആവശ്യം. സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുമെന്ന് തൃശൂർ കാട്ടൂർ കലാനഗർ കരുപ്പുള്ളി ഹൗസിൽ സുനിത കേരളകൗമുദിയോട് പറഞ്ഞു. 41 വയസുള്ള സുനിതയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്.
ചെന്നൈയിൽ ജനിച്ച തന്നെ എം.ജി.ആർ ജോലിക്കാരനായ മാധവൻ വഴി കേരളത്തിലേക്ക് മാറ്റി. ഇതിന് ജയളിതയുടെ അനുമതിയില്ലായിരുന്നു. അതീവരഹസ്യമായാണ് വളർത്തിയത്. എം.ജി.ആറാണ് സുനിതയെന്ന് പേരിട്ടത്. തനിക്ക് രണ്ടരവയസുള്ളപ്പോൾ അദ്ദേഹം മരിച്ചു. 18 വയസായപ്പോൾ ജയലളിത ഡി.എൻ.എ പരിശോധന നടത്തി താനാണ് അവരുടെ മകളെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇടയ്‌ക്കിടെ ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയത്തിൽ ജയലളിതയെ കാണാൻ പോകുമായിരുന്നു. മകളാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ 2024 ആഗസ്റ്റ് വരെ ധനസഹായം കിട്ടിയിരുന്നു.
ജയലളിത വീണുകിടക്കുന്നു;
ശശികല മർദ്ദിക്കുന്നു
താൻ മകളാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ 2016 സെപ്‌തംബർ 22ന് വാർത്താസമ്മേളനം നടത്താൻ ജയലളിത തീരുമാനിച്ചിരുന്നെന്ന് സുനിത പറയുന്നു. അന്ന് രാവിലെ 8ന് ചെന്നൈയിലെ വീട്ടിലെത്തി. ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടത്. സ്റ്റെയർകേസിന് താഴെ ചലനമില്ലാതെ കിടക്കുകയാണ് ജയലളിത. മുകളിൽ നിന്ന് തള്ളിയിട്ട നിലയിലായിരുന്നു. ബോധരഹിതയാണോ, മരണപ്പെട്ടോയെന്ന് ആശങ്കപ്പെട്ടു. ടി.ടി.വി ദിനകരൻ, ഇളവരശി, സുധാകരൻ എന്നിവർ അവർക്കു ചുറ്റും നിൽക്കുന്നുണ്ടായിരുന്നു. വി.കെ. ശശികല, ജയലളിതയുടെ മുഖത്തിടിക്കുന്നത് കണ്ടു. ഞെട്ടിത്തരിച്ച് കരയാൻ പോയപ്പോൾ ജീവനക്കാരിൽ ഒരാൾ വായ് പൊത്തിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബാഗ് നഷ്‌ടപ്പെട്ടു. ഉടൻ കേരളത്തിലേക്ക് തിരിച്ചു. ഇല്ലെങ്കിൽ കൊന്നു കളഞ്ഞേനെ. 2016 സെപ്‌തംബർ 22നു തന്നെയാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 6ന് മരിച്ചു.
''സത്യം വിളിച്ചു പറയണമെന്ന് പലപ്പോഴും തോന്നിയെങ്കിലും കുടുംബത്തോടെ കൊല്ലുമെന്ന് ഭയപ്പെട്ട് ഇതുവരെ കഴിഞ്ഞില്ല. പക്ഷേ, ഉറക്കം നഷ്ടപ്പെട്ടു. സത്യം വെളിപ്പെടുത്തണമെന്ന് ജയലളിത ആവശ്യപ്പെടുന്നതായി തോന്നി. അതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത്
- കെ.എം. സുനിത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |