ബംഗളൂരു: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളും, കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറുമായ ബി. സരോജ ദേവി (87) അന്തരിച്ചു. ഇന്നലെ ബംഗളൂരു മല്ലേശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
17-ാം വയസിൽ മഹാകവി കാളിദാസ (1955) എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തിയത്. നാടോടി മന്നൻ (1958) എന്ന തമിഴ് സിനിമയിൽ എം.ജി.ആറിനൊപ്പം അഭിനയിച്ചതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. തമിഴിലെയും മൂല്യമേറിയ നടിയായി സരോജ മാറി. ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, രാജ്‌കുമാർ, രാജേന്ദ്ര കുമാർ, ഷമ്മി കുമാർ തുടങ്ങി അക്കാലത്തെ മുൻനിര താരങ്ങളുടെ നായികയായും സരോജ തിളങ്ങി.
1955നും 1984നും ഇടയിൽ തുടർച്ചയായ 161 സിനിമകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെന്ന റെക്കാഡും സ്വന്തമാക്കി. 'നീതിക്കു പിൻ പാസം" അടക്കം 26 ഹിറ്റ് ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ചതോടെ സരോജ എം.ജി.ആറിന്റെ ഭാഗ്യ നായികയായി. രാജ്യം പദ്മശ്രീയും (1969), പദ്മഭൂഷണും (1992) നൽകി ആദരിച്ചു. ഭർത്താവ് ശ്രീഹർഷ 1986ൽ അന്തരിച്ചു. മക്കൾ: ഇന്ദിര, ഗൗതം, പരേതയായ ഭുവനേശ്വരി (വളർത്തുമകൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |