വിംബിൾഡൺ പുരുഷ സിംഗിൾസ് ചാമ്പ്യനായി യാന്നിക്ക് സിന്നർ
സിന്നറിന്റെ ആദ്യ വിംബിൾഡൺ കിരീടം
ഫൈനലിൽ വീഴ്ത്തിയത് കാർലോസ് അൽക്കാരസിനെ
വിംബിൾഡണിലെ പുൽക്കോർട്ടിന് ഇനി പുതിയ രാജാവ്. കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യനായിരുന്ന സ്പാനിഷ് പടക്കുതിര കാർലോസ് അൽക്കാരസിനെ ഫൈനലിൽ കീഴടക്കിയാണ് ഇറ്റലിക്കാരനായ സിന്നർ പുൽക്കോർട്ടിൽ നടക്കുന്ന ഏക ഗ്രാൻസ്ളാമിലെ തന്റെ കന്നിക്കിരീടം സ്വന്തമാക്കിയത്. 4-6,6-4,6-4,6-4 എന്ന സ്കോറിനാണ് വിംബിൾഡൺ സെന്റർ കോർട്ടിൽ സിന്നർ വെന്നിക്കൊടി പാറിച്ചത്.
ആദ്യ സെറ്റ് കൈവിട്ട ശേഷം അതിശക്തമായി തിരിച്ചുവന്നായിരുന്നുനാലുസെറ്റുകൾ കൊണ്ട് സിന്നറുടെ കിരീടധാരണം. കാർലോസിന്റെ ഹാട്രിക് കിരീടമോഹം തകർത്ത സിന്നർ തൊട്ടുമുമ്പുനടന്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ചു സെറ്റ് പൊരുതിയിട്ടും തോൽക്കേണ്ടിവന്നതിനുള്ള പ്രതികാരം വീട്ടുക കൂടിയായിരുന്നു. ഈ സീസണിലെ സിന്നറുടെ മൂന്നാം ഗ്രാൻസ്ളാം ഫൈനലും രണ്ടാം കിരീടവുമായിരുന്നു ഇത്. സീസണിലെ ആദ്യ ഗ്രാൻസ്ളാമായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ അലക്സിസ് സ്വരേവിനെ കീഴടക്കി സിന്നർ കിരീടം നേടിയിരുന്നു.
മണ്ണിൽ വീഴ്ത്തിയതിന്
പുല്ലിൽ തിരിച്ചടി
ഫെഡററും റാഫയും പടിയിറങ്ങിയ, നൊവാക്ക് കരിയറിന്റെ അവസാനഘട്ടത്തിലെത്തിനിൽക്കുന്ന കാലത്ത്; പുരുഷ ടെന്നിസിലെ പോർക്കുതിരകളായ യാന്നിക്ക് സിന്നറും കാർലോസ് അൽക്കാരസും വിംബിൾഡൺ ഫൈനലിൽ നേർക്കുനേർ എത്തിയപ്പോഴേ ആരാധകർ ആവേശത്തിലായിരുന്നു. അതിന് കാരണം കഴിഞ്ഞ ജൂൺ 9ന് റൊളാംഗ് ഗാരോസിലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇരുവരും തമ്മിൽ നടന്ന കലാശപ്പോരാട്ടമായിരുന്നു. അന്ന് 5 മണിക്കൂർ 29 മിനിട്ട് നീണ്ട മത്സരത്തിൽ 4-6,6-7(4/7), 6-4,7-6(7/3),7-6(10/2) എന്ന സ്കോറിനാണ് കാർലോസ് സിന്നറെ തോൽപ്പിച്ചത്. ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലായിരുന്നു ഇത്. ആദ്യ രണ്ട് സെറ്റുകൾ കൈവിട്ടശേഷമുള്ള അവിസ്മരണീയ തിരിച്ചുവരവിലൂടെയാണ് കാർലോസ് തന്റെ അഞ്ചാം ഗ്രാൻസ്ളാം കിരീടം നേടിയത്.
കളിമൺ കോർട്ടിൽ തന്നെ വീഴ്ത്തിയതിന് പുൽക്കോർട്ടിൽ തിരിച്ചടി നൽകുകയായിരുന്നു സിന്നർ. മൂന്നുമണിക്കൂറും നാലുമിനിട്ടും മാത്രമാണ് ഇതിന് ഇറ്റാലിയൻ താരത്തിന് വേണ്ടിവന്നത്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആദ്യ സെറ്റ് സിന്നർക്കായിരുന്നെങ്കിൽ വിംബിൾഡണിൽ ആദ്യ സെറ്റ് നേടിയത് കാർലോസ്. 4-2ന് സിന്നർ ലീഡ് ചെയ്തിടത്തുനിന്നാണ് കാർലോസ് ആദ്യ സെറ്റ് പിടിച്ചെടുത്തത്. എന്നാൽ രണ്ടാം സെറ്റിൽ കാർലോസിന്റെ ആദ്യ സർവ് തന്നെ ബ്രേക്ക് ചെയ്ത് സിന്നർ തിരിച്ചുവന്നു. ആ പിടി അവസാനം വരെ വിട്ടതുമില്ല. ഒരു പഴുതുനൽകിയാൽ കാർലോസ് കടന്നുകയറുമെന്നറിയാവുന്ന സിന്നർ പഴുതുകളില്ലാത്ത ഷോട്ടുകളിലൂടെ കിരീടത്തിലേക്ക് കുതിച്ചു.
2023 സീസണിൽ സെമിയിലെത്തിയതായിരുന്നു വിംബിൾഡണിലെ സിന്നറുടെ ഇതിനുമുമ്പുള്ള ഏറ്റവും വലിയ നേട്ടം. അന്ന് നൊവാക്ക് ജോക്കോവിച്ചിനോടാണ് സിന്നർ സെമിയിൽ തോറ്റത്. ആ നൊവാക്കിനെ കീഴടക്കിയാണ് കാർലോസ് തന്റെ ആദ്യ വിംബിൾഡൺ കിരീടം നേടിയത്. കഴിഞ്ഞ സീസൺ ഫൈനലിലും നൊവാക്കിനെ തോൽപ്പിച്ചാണ് കാർലോസ് കിരീടം നേടിയത്.
വിലക്ക് കടന്ന്
കിരീടത്തിലേക്ക്
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ വർഷം ഫെബ്രുവരി മുതൽ മേയ് 4 വരെ സിന്നർക്ക് വിലക്കുണ്ടായിരുന്നു. മുറിവുണങ്ങാൻ തൊലിപ്പുറത്ത് പുരട്ടിയ മരുന്നാണ് ഉത്തേജക പരിശോധനയിൽ സിന്നർക്ക് വില്ലനായത്. മൂന്ന് മാസത്തെ വിലക്കിന് ശേഷമാണ് ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും സിന്നർ ഫൈനലിലെത്തിയതും വിംബിഡണിൽ ചാമ്പ്യനായതും.
1
വിംബിൾഡൺ പുരുഷ സിംഗിൾസ് ചാമ്പ്യനാകുന്ന ആദ്യ ഇറ്റാലിയൻ താരമാണ് സിന്നർ.
2
ഈ സീസണിലെ സിന്നറുടെ രണ്ടാം ഗ്രാൻസ്ളാം കിരീടം. ആദ്യ കിരീടം ഓസ്ട്രേലിയൻ ഓപ്പണിൽ.
4
സിന്നറുടെ കരിയറിലെ നാലാം ഗ്രാൻസ്ളാം കിരീടം. 2024,25 സീസണുകളിൽ ഓസ്ട്രേലിയൻ ഓപ്പണും 2024ൽ യു.എസ് ഓപ്പണുമാണ് ഇതിന് മുമ്പ് നേടിയത്.
5
കാർലോസിനെതിരായ സിന്നറുടെ അഞ്ചാം വിജയമാണിത്. 13 തവണ ഇവർ ഏറ്റുമുട്ടിയപ്പോൾ എട്ടുതവണ ജയിച്ചത് കാർലോസാണ്.
ലോക ഒന്നാം നമ്പർ താരമാണ് സിന്നർ. കാർലോസ് രണ്ടാം റാങ്കുകാരനും.
വിംബിൾഡൺ ചാമ്പ്യനാകണമെന്നതിലുപരി കാർലോസിനെ തോൽപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കുറച്ചധികം മത്സരങ്ങളിൽ കാർലോസിനോട് തോറ്റതാണ്. ഫ്രഞ്ച് ഓപ്പൺ ഫൈനലിലെ തോൽവി ആ ആഗ്രഹത്തിന് മൂർച്ച വർദ്ധിപ്പിച്ചു.
- യാന്നിക്ക് സിന്നർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |