ഹൈദരാബാദ് : ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളും പി.കാശ്യപും ആറുവർഷം നീണ്ട വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുന്നു. തങ്ങൾ പിരിയുകയാണെന്ന് സൈന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പുല്ലേല ഗോപിചന്ദിന്റെ അക്കാഡമിയിലെ പരിശീലനകാലത്തുതുടങ്ങിയ പ്രണയമാണ് 2018ൽ വിവാഹത്തിലെത്തിയത്.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ താരമാണ് സൈന. കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി സൈനയാണ്. ലോകറാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയുമാണ്. കാശ്യപ് 2014ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ്.2024ൽ കാശ്യപ് കളിക്കളത്തിൽ നിന്ന് വിരമിച്ചിരുന്നു.പരിക്കുമൂലം സൈന ദീർഘനാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
താനും കാശ്യപും പരസ്പരസമ്മതത്തോടെയാണ് പിരിയുന്നതെന്ന് സൈന സോഷ്യൽ മീഡിയയിൽ കുറിച്ചു. '' ജീവിതം ചിലപ്പോൾ നമ്മളെ രണ്ട് വഴിയിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഞാനും കാശ്യപും പിരിയാൻ തീരുമാനിച്ചത്. ഇരുവരുടെയും സമാധാനത്തിനും ശാന്തിക്കും വളർച്ചയ്ക്കും ഇതാണ് നല്ല തീരുമാനം.""- സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |