റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി അഭ്യൂഹം. തിങ്കളാഴ്ച വെളുപ്പിനെ എക്സ് സർവീസ് മെൻ സംഘത്തിന്റെ തോട്ടത്തിൽ ടാപ്പിംഗ് ചെയ്യാൻ പോയ മാവുങ്കൽ പി.എം ജോൺ (രാജു) വാണ് പുലിയെ കണ്ടത്. തോട്ടത്തിലെത്തി ആദ്യത്തെ റബർ ടാപ്പിംഗ് ചെയ്യാൻ വേണ്ടി പ്ലാസ്റ്റിക് നീക്കുമ്പോൾ തൊട്ടടുത്ത കൈയ്യാലയിൽപുലി കിടക്കുന്നതായാണ് ജോൺ കണ്ടത്. ഓടി തൊട്ടടുത്ത് റബർ ടാപ്പിംഗ് ചെയ്യുന്നവരെ വിവരം അറിയിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം നാട്ടുകാരെയുംവനം വകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ചു പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ച ശേഷം ഇന്നലെ തന്നെ പുലിയെ പിടിക്കാനുള്ള കൂട് വയ്ക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയൻ അറിയിച്ചു. ഇതിനായി റെയിഞ്ച് ഓഫീസർ രണ്ട് വെറ്റിറിനറി സർജന്മാർ ചീഫ് വൈൽഡ് ലൈഫ് പ്രതിനിധി നാഷണൽ ടൈഗർ കൺസർവേഷൻ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ കമ്മിറ്റി രൂപീകരിച്ച് തീരുമാനം കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കമലഹാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കൂട് വയ്ക്കാനാകും.
കൂട് വയ്ക്കാൻ എം.എൽ.എയുടെ നിർദ്ദശം
പുലിയുടെ സാന്നിദ്ധ്യം കണ്ട തോട്ടം മേഖലയിൽ എത്രയും വേഗം കൂട് വച്ച് പുലിയെ പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിദ്ധ്യം കണ്ട സ്ഥലം സന്ദർശിച്ച ശേഷമാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. എം.എൽ.എ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി വർക്കി, മെമ്പർമാരായ ടി.കെ ജെയിംസ്, സിറിയക്ക് തോമസ്, റേഞ്ച് ഓഫീസർ ബി ആർ ജയൻ, ആർ വരദരാജൻ എന്നിവരെ എംഎൽഎ യോടൊപ്പം സ്ഥലം സന്ദർശിച്ചു.
....................
വലിയ കാവിലും പുലിയുടെ സാന്നിദ്ധ്യം: ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
റാന്നി വലിയകാവും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി. വനം വകുപ്പ് ഇന്നലെ വൈകിട്ടോടെ സ്ഥലത്ത് പരിശോധന നടത്തി.വലിയകാവ് - പൊന്തൻ പുഴ റോഡിൽ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വന പാലകർ നിർദ്ദേശിച്ചു. സ്ഥലത്ത് വനം വകുപ്പ് ദ്രുതകർമ സേനാംഗങ്ങൾ പരിശോധന നടത്തി. അടുത്ത കാലത്തായി പൊന്തൻപുഴ റോഡിൽ തെരുവ് നായ്ക്കളെ കാണാൻ കഴിയാത്തതും പുലിയുടെ സാന്നിദ്ധ്യത്തെ ബലപ്പെടുത്തുന്നു. അതിനാൽ കുറെ ദിവസങ്ങൾ നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും വനപാലകർ അറിയിച്ചിട്ടുണ്ട്. ആരുടെ എങ്കിലും വളർത്തുമൃഗങ്ങളെ കാണാതായാൽ ഉടൻ വിവരം വനം വകുപ്പിനെ അറിയിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |