കൊല്ലം: കൊട്ടിയം ജംഗ്ഷനിലെ ഫ്ലൈ ഓവറിന്റെ ആർ.ഇ വാൾ നിർമ്മാണത്തിനിടെ ആർ.ഇ പാനൽ നിലംപതിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഉമയനല്ലൂർ തുണ്ടിൽ ചരുവിള വീട്ടിൽ തസ്ലീമ(28)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കൊട്ടിയം ബ്രൈറ്റ് ഹോട്ടലിന് സമീപമായിരുന്നു സംഭവം.
ഈ ഭാഗത്ത് മഴയ്ക്ക് മുമ്പേ ആർ.ഇ പാനലുകൾ ഭാഗികമായി സ്ഥാപിച്ചിരുന്നു. മഴ തുടർന്നതോടെ ഇവയിൽ പലതും അല്പം ചരിഞ്ഞു. നിർമ്മാണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ചരിഞ്ഞ പാനലുകൾ ജെ.സി.ബി ഉപയോഗിച്ച് വീണ്ടും ഉറപ്പിക്കുന്നതിനിടെ മുകളിൽ മറ്റൊന്നും സ്ഥാപിച്ചിട്ടില്ലാത്ത തറനിരപ്പിൽ നിന്നുള്ള ആദ്യത്തെ പാനലുകളിലൊന്ന് തസ്ലീമയുടെ സ്കൂട്ടറിലേക്ക് പതിക്കുകയായിരുന്നു. തസ്ലീമയുടെ വലത് കാലും സ്കൂട്ടറും പാനലിന് അടിയിൽപ്പെട്ടു.നിലവിളി കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പാനൽ ഉയർത്താനായില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ചാണ് പാനൽ ഉയർത്തിയത്. കൊട്ടിയത്തെ ആർ.ഇ വാളിന്റെ പലഭാഗങ്ങളിലും ആർ.ഇ പാനലുകൾ വലിയ അപകടം സൃഷ്ടിക്കുന്ന തരത്തിൽ ചരിഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച തസ്ലീമയുടെ വലത് കാലിന്റെ തുടയ്ക്ക് വലിയ പരിക്കുണ്ട്. ശസ്ത്രക്രിയ വേണ്ടിവരും. സ്കൂട്ടർ പൂർണമായും തകർന്നു. ഉമയനല്ലൂരിലെ വീട്ടിൽ നിന്ന് കൊട്ടിയം ജംഗ്ഷനിലുള്ള ബാങ്കിലേക്ക് പോകുകയായിരുന്നു തസ്ലിമ. തസ്ലീമയുടെ ചികിത്സാ ചെലവ് വഹിക്കുന്നതിനൊപ്പം സ്കൂട്ടറിനടക്കം നഷ്ടപരിഹാരം നൽകുമെന്ന് കരാർ കമ്പനി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |