ബീജിംഗ്: ഇന്ത്യ-ചൈന ബന്ധം പുരോഗതിയുടെ പാതയിലേക്ക് നീങ്ങുന്നതായി വിദേശകാര്യ മന്ത്റി എസ്. ജയശങ്കർ. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബീജിംഗിലെത്തിയ ജയശങ്കർ,ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്റി വാംഗ് യീയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'അതിർത്തിയിലെ ഭിന്നതകൾ പരിഹരിക്കുന്നതിന്റെയും അവിടെ സമാധാനവും ശാന്തിയും നിലനിറുത്താനുള്ള കഴിവിന്റെയും ഫലമായാണ് ഈ പുരോഗതി ഉണ്ടായത്. പരസ്പര വിശ്വാസത്തിനും ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ വികസനത്തിനും ഇത് അടിത്തറയാണ്. സംഘർഷം പരിഹരിക്കുന്നത് ഉൾപ്പെടെ അതിർത്തിയുമായി ബന്ധപ്പെട്ട മറ്റ് വശങ്ങൾ തീർപ്പാക്കേണ്ടത് ഇപ്പോൾ ഇരുപക്ഷത്തിന്റെയും കടമയാണ് " - ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യ ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികമാണ് ഇക്കൊല്ലമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ, കൈലാസ് - മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ സഹകരിച്ചതിൽ നന്ദി രേഖപ്പെടുത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ ചൈനയിലെത്തിയത്. 2020ൽ ചൈനയുമായി ബന്ധം വഷളായതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചൈന സന്ദർശനം. ഇരുരാജ്യങ്ങളും അടുത്തിടെ നടത്തിയ നയതന്ത്ര ചർച്ചകളിലൂടെ മഞ്ഞുരുക്കിയിരുന്നു.
# വ്യത്യാസങ്ങൾ തർക്കങ്ങളാകരുത്
(വാംഗ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ജയശങ്കർ പറഞ്ഞത്)
അയൽ രാജ്യങ്ങളെന്ന നിലയിലും പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിലും ഇന്ത്യ-ചൈന ബന്ധങ്ങൾക്ക് വിവിധ വശങ്ങളും സാദ്ധ്യതകളുമുണ്ട്
ജനങ്ങൾ തമ്മിലുള്ള വിനിമയങ്ങൾ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികൾ പരസ്പരം പ്രയോജനകരമായ സഹകരണം വളർത്തിയെടുക്കും
ഈ സാഹചര്യത്തിൽ വ്യാപാര നിയന്ത്റണങ്ങളും മറ്റ് തടസങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. വിഷയത്തിൽ വിശദ ചർച്ച വേണം
ഇന്ത്യയും ചൈനയും തമ്മിലെ സുസ്ഥിരവും ക്രിയാത്മകവുമായ ബന്ധം ഇരു രാജ്യങ്ങൾക്കും മാത്രമല്ല, ലോകത്തിന് മുഴുവൻ ഗുണം ചെയ്യും
വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്. മത്സരം ഒരിക്കലും സംഘർഷമായി പരിണമിക്കരുത്. ഇത് ഇരുപക്ഷവും മുമ്പ് സമ്മതിച്ചിട്ടുണ്ട്
# ബന്ധം ആന-ഡ്രാഗൺ ടാംഗോ പോലെയാകണം
ഇന്ത്യ- ചൈന ബന്ധം ആനയും ഡ്രാഗണും ചേർന്നുള്ള ടാംഗോ (ഒരുതരം നൃത്തരൂപം) പോലെയാകണമെന്ന നിലപാട് ആവർത്തിച്ച് ചൈന. ഇരു രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന മൃഗങ്ങളാണ് ആനയും ഡ്രാഗണും. ഇന്ത്യയും ചൈനയും വളർന്നു കൊണ്ടിരിക്കുന്ന മുഖ്യ സമ്പദ്‌വ്യവസ്ഥകളും ഗ്ലോബൽ സൗത്തിലെ സുപ്രധാന അംഗങ്ങളുമാണെന്ന് ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങ് പറഞ്ഞു. ഇന്ത്യയുമായി പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ഷെങ്ങ്, ഉഭയകക്ഷി ബന്ധങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കാൻ സഹകരണം മുന്നോട്ട് കൊണ്ടുപോകണമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |