ഹെെദരാബാദ്: ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിൽ നിന്ന് മനുഷ്യാസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പത്തുവർഷം മുൻപ് കാണാതായ അമീർ ഖാന്റേതാണ് അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പൊലീസ്. ഹെെദരാബാദിലെ നമ്പള്ളിയിലെ വർഷങ്ങളായി പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് തിങ്കളാഴ്ചയാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന് സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.
കുട്ടികൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് വീടിനകത്ത് വീഴുകയായിരുന്നു. പന്ത് എടുക്കാൻ കുട്ടികളും പ്രദേശവാസിയും വീട്ടിനുള്ളിൽ കയറിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഒരു പഴയ നോക്കിയ മൊബെെൽ ഫോണും കറൻസി നോട്ടുകളും കണ്ടെത്തിയിരുന്നു. ബാറ്ററി നശിച്ചുപോയ ഫോൺ അമീറിന്റെതാണെന്ന് സൂചന ലഭിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കിഷൻ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫോൺ ശരിയാക്കിയശേഷം 2015ൽ 84 മിസ്ഡ് കോളുകൾ ഫോണിൽ വന്നിട്ടുണ്ടെന്ന് കണ്ടെത്തി. മുനീർ ഖാൻ എന്നയാളുടെതാണ് വീടെന്നും ഇയാൾക്ക് 10 മക്കൾ ഉണ്ടെന്നും പൊലീസ് പറയുന്നു. മുനീറിന്റെ മൂന്നാമത്തെ മകനാണ് അമീർ ഖാൻ. മുനീർ 2013ൽ മരിച്ചിരുന്നു. ശേഷം അമീർ ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
'അമീർ ഖാന് ഏകദേശം 50 വയസുണ്ട്. അവിവാഹിതനാണ്. അദ്ദേഹം മരിച്ചിട്ട് വർഷങ്ങളായി. എല്ലുകൾ പോലും തകർന്നു തുടങ്ങി. സമീപത്ത് നിന്ന് സംശയിക്കാവുന്ന വിധം ഒന്നും കണ്ടെത്തിയിട്ടില്ല. ഇത് ഒരു സ്വാഭാവിക മരണമായിരിക്കാം. 10 വർഷം മുൻപ് മരിച്ച അദ്ദേഹത്തെ സഹോദരങ്ങളോ ബന്ധുക്കളോ അന്വേഷിച്ചില്ല.'- കിഷൻ കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |