മേപ്പയ്യൂർ: മണപ്പുറം മുക്ക് (കീഴ്പ്പയ്യൂർ) - മുയിപ്പോത്ത് റോഡ് പാടെ തകർന്നു. ഗതാഗതം ആകെ താറുമാറായി. കാൽനടയാത്രയും ദുരിതമായി. റോഡ് പലയിടത്തും പൊട്ടി പൊളിഞ്ഞ് ചളിക്കുണ്ടായിട്ട് മാസങ്ങളായി. മേപ്പയ്യൂർ ഭാഗത്ത് നിന്ന് വടകരയിലേക്ക്യ്ക്ക് എളുപ്പത്തിൽ പോവാൻ കഴിയുന്ന റോഡായിട്ടും ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ ഉദാസീനത കാണിക്കുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മേപ്പയ്യൂർ പഞ്ചായത്തിലെ കീഴ്പയ്യൂർ മേഖലയേയും ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് ടൗണിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മുയിപ്പോത്ത്, മണപ്പുറം, കരുവോട് ചിറ, കണ്ടഞ്ചിറ ഭാഗത്ത് നിന്നുള്ളവർക്കാണ് ഏറ്റവും യാത്രാദുരിതം. മേപ്പയ്യൂർ ഹൈസ്കൂളിലേക്കും കൊയിലാണ്ടി, കോഴിക്കോട് ഭാഗത്തേക്കും എത്തേണ്ട നിരവധി വിദ്യാർത്ഥികളും യാത്രക്കാരും ആശ്രയിക്കുന്ന പാതയാണിത്.
റോഡ് തകർന്നതോടെ പേരാമ്പ്രയിൽ നിന്നും മേപ്പയ്യൂർ വഴി മുയിപ്പോത്ത് വരെ ഓടിയിരുന്ന ഏക ബസ് സർവീസും അവതാളത്തിലായി. ബസ് ഇപ്പോൾ മണപ്പുറം മുക്കിൽ യാത്ര അവസാനിപ്പിക്കുകയാണ്. കീഴ്പ്പയ്യൂർ - മണപ്പുറം റൂട്ടിൽ ഓട്ടോകളും സഞ്ചരിക്കാതെയായി.
യാത്രാ യോഗ്യമാക്കണം
റോഡ് യാത്രാ യോഗ്യമാക്കാൻ ചെറുവണ്ണൂർ, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കീഴ്പ്പയ്യൂർ സമന്വയ സാംസ്കാരിക വേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി മോഹനൻ, കൃഷ്ണൻ കീഴലാട്ട്, എ സുധീവ്, കെ.എം നാരായണൻ, കെ.സദാശിവൻ, കെ.ടി രമേശൻ, വി.പി ഷാജി, വി.പി രാജീവൻ, വി.കെ. പവിത്രൻ, വി.പി അക്ഷയ് പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |