തിരുവനന്തപുരം: യു.ജി.സി മാനദണ്ഡങ്ങൾ കാറ്രിൽപ്പറത്തി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അധികമുള്ള അദ്ധ്യാപകരെ നിലനിറുത്താൻ ടൈംടേബിൾ തിരിമറിയെന്ന് ആക്ഷേപം. യു.ജി.സി നിബന്ധന പ്രകാരം ഒരു അസിസ്റ്റന്റ് പ്രൊഫസർ ആഴ്ചയിൽ 16 മണിക്കൂർ ക്ളാസെടുക്കണം. എന്നാൽ, ടൈംടേബിൾ അഡ്ജസ്റ്റ്മെന്റിലൂടെ പല അദ്ധ്യാപകരും പന്ത്രണ്ടും പതിമൂന്നും മണിക്കൂർ മാത്രമാണ് ക്ളാസെടുക്കുന്നത്. കൂടാതെ എം.എയ്ക്കും എംഫില്ലിനും പഠിപ്പിക്കുന്ന ഒരു മണിക്കൂർ ഒന്നര മണിക്കൂറായി കണക്കുകൂട്ടുകയും ചെയ്യുന്നു. 22 പഠന വകുപ്പുകളുള്ള കോളേജിൽ മാത്തമാറ്റിക്സ്, സെെക്കോളജി, പൊളിറ്റിക്സ്, ഫിലോസഫി, സ്റ്റാറ്റിറ്റിക്സ് ഒഴികെയുളള ഒട്ടുമിക്ക വകുപ്പുകളിലും രണ്ട് അദ്ധ്യാപകർ വീതം അധികമുണ്ട്. ഇതേക്കുറിച്ച് കോളേജ് അധികൃതരെ 'ഫ്ളാഷ്' ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയാറായില്ല.
മുപ്പതോളം അദ്ധ്യാപകർ യൂണിവേഴ്സിറ്റി കോളേജിൽ അധികമുണ്ടെന്നാണ് കണക്ക്. ഒരു അസിസ്റ്റന്റ് പ്രൊഫസർക്ക് പ്രതിമാസം 55,968 രൂപ ശമ്പളം കിട്ടും. ഒരുകൊല്ലത്തെ ശമ്പളം കണക്കാക്കിയാൽ ആറ് ലക്ഷത്തിലധികം വരും. മുപ്പത് അദ്ധ്യാപകരുടേതാകുമ്പോൾ പ്രതിവർഷം രണ്ടുകോടി കഴിയും. പഠിപ്പിക്കൽ ഉൾപ്പെടെ ഒരാഴ്ച 40 മണിക്കൂർ അക്കാഡമിക് പ്രവർത്തനങ്ങൾക്കായി ഒരു അസിസ്റ്രന്റ് പ്രാെഫസർ ജോലി ചെയ്യണമെന്നാണ് യു.ജി.സി ചട്ടം. അപ്പോഴാണ് 16 മണിക്കൂർപോലും പഠിപ്പിക്കാൻ ചില അദ്ധ്യാപകർ തയാറാകാത്തത്. അതേസമയം, മറ്രുചില സർക്കാർ കോളേജുകളിലും സ്ഥിരം അദ്ധ്യാപകരുടെ കുറവ് ഉള്ളതിനാൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുകയാണ്.
കോളേജുകളിൽ നിലവിലുള്ള കോഴ്സുകളുടേയും ബാച്ചുകളുടേയും അദ്ധ്യാപകരുടേയും എണ്ണം പരിഗണിച്ചാണ് അദ്ധ്യാപക തസ്തിക നിർണയിക്കുന്നത്. എന്നാൽ, ഓരോ അക്കാഡമിക് വർഷവും അധികം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചാലും അതിനനുസരിച്ച് അദ്ധ്യാപകരുടെ എണ്ണം വർദ്ധിക്കില്ല. ഇത്തരം പൊതുമാനദണ്ഡങ്ങൾ കാറ്റിൽപറത്തിക്കൊണ്ട് വർഷങ്ങളായി യൂണിവേഴ്സിറ്റി കോളേജിൽ അധികമായി അദ്ധ്യാപകരെ നിലനിറുത്തുന്നു എന്നാണ് ആക്ഷേപം.
സയൻസ് ലാബുകളിൽ ഡിഗ്രി തലത്തിൽ 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ പിജി തലത്തിൽ 10 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് കണക്ക്. അതിൽകൂടുതൽ വിദ്യാർത്ഥികളെ അതേ ബാച്ചിൽ പ്രവേശിപ്പിച്ചാലും ഒന്നിൽ കൂടുതൽ അദ്ധ്യാപകരെ നിയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ, ടൈംടേബിളിൽ അഡ്ജസ്റ്റ്മെന്റ് വരുത്തി പിജി ലാബുകളിൽ ഉൾപ്പെടെ ഒന്നിൽ കൂടുതൽ അദ്ധ്യാപകരെ കോളേജിൽ നിലനിറുത്തുന്നുവെന്നാണ് ആരോപണം.
പരാതിപ്പെട്ടിട്ടും..
യൂണിവേഴ്സിറ്റി ചട്ട പ്രകാരം പിഎച്ച്ഡി പോലെ ഗവേഷണ ബിരുദമാണ് എംഫിൽ. അതിനാൽ, അംഗീകൃത റിസർച്ച് ഗെെഡുമാർ മാത്രമാണ് എംഫില്ലിന് ക്ളാസെടുക്കേണ്ടതും മാർഗനിർദേശം നൽകേണ്ടതും. എന്നാൽ, മിക്ക ഡിപ്പാർട്ട്മെന്റുകളിലും യു.ജി.സിയുടേയും സർവകലാശാലയുടേയും മാർഗനിർദേശങ്ങൾ തളളി ഗെെഡ്ഷിപ്പ് ഇല്ലാത്തവരേയും എംഫിൽ ക്ളാസുകൾ എടുക്കാൻ അനുവദിക്കുന്നുവത്രേ. ഇത്തരത്തിൽ ക്ളാസെടുക്കുന്ന ഒരു മണിക്കൂർ ഒന്നരമണിക്കൂറായാണ് കണക്കാക്കുന്നതും. എംഫില്ലിന് യു.ജി.സി പറഞ്ഞ അടിസ്ഥാന യോഗ്യത ഇല്ലാത്തവരേയും നിയോഗിക്കുന്നത് അത്തരം അദ്ധ്യാപകരെ കോളേജിൽ നിലനിറുത്തുന്നതിന് വേണ്ടിയാണെന്ന് ആരോപണമുണ്ട്.
എംഫില്ലിന് അറ് മാസം തീയറിയും ആറ് മാസം ഡെസർട്ടേഷൻ തയാറാക്കലുമാണ്. വിദ്യാർത്ഥികൾ ഡെസർട്ടേഷൻ തയാറാക്കുന്ന ആറു മാസകാലം ആ അദ്ധ്യാപകർക്ക് വേറെ ജോലിയൊന്നുമില്ല. ഗെെഡുമാരുടെ നിർദേശ പ്രകാരം വിദ്യാർത്ഥികൾ ഡെസർട്ടേഷൻ തയാറാക്കുമ്പോൾ ഗെെഡുമാരല്ലാത്ത അദ്ധ്യാപകർ വെറുതെയിരിക്കുന്നു. എന്നാൽ, ടെെംടേബിൾ പ്രകാരം ഇവർ ഡ്യൂട്ടിയിലുമാണ്. ചില ആർട്സ് ഡിപ്പാർട്ട്മെന്റുകളിലാകട്ടെ തിയറിയുടേയും ഡെസർട്ടേഷന്റേയും ആറുമാസകാലമൊന്നും കണക്കാക്കാതെ വർഷം മുഴുവൻ ഗെെഡല്ലാത്തവർക്കും ഡ്യൂട്ടി ഇട്ടിട്ടുണ്ട്. ഈ അഡ്ജസ്റ്റ്മെന്റിനെതിരെ ഇക്കണോമിക്സ് വിഭാഗത്തിലെ രണ്ട് അദ്ധ്യാപകർ പ്രിൻസിപ്പലിനും കോളേജ് വിദ്യാഭ്യാസ വകുപ്പിനും സർവകലാശാലയ്ക്കും ഗവർണർക്കും പരാതി നൽകിയിരുന്നു. ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ ഒരു അദ്ധ്യാപകന് 16 മണിക്കൂറിന്റെ സ്ഥാനത്ത് ആഴ്ചയിൽ ഏഴര മണിക്കൂറാണ് ടെെംടേബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തെ മാസ്റ്റർ ടെെംടേബിൾ, ഓരോ അദ്ധ്യാപകനും വകുപ്പ് മേധാവി നൽകിയിട്ടുളള വർക്കിംഗ് ടെെംടേബിൾ എന്നിവ പരിശോധിച്ചാൽ ഈ തിരിമറിയൊക്കെ വ്യക്തമാകുമെങ്കിലും ആരും ഇതിന് മെനക്കെടാറില്ലെന്നാണ് ആക്ഷേപം.
''അദ്ധ്യാപകർ അധികമുളള കാര്യം വടക്കൻ ജില്ലകളിലെ ചില കോളേജുകളിൽ അന്വേഷിക്കുന്നുണ്ട്. എന്നാൽ, യൂണിവേഴ്സിറ്റി കോളേജിൽ അങ്ങനെയുണ്ടെന്ന് ശ്രദ്ധയിൽപെട്ടിട്ടില്ല. യു.ജി.സി നിർദേശമനുസരിച്ച് കേരളത്തിലെ എല്ലാ കോളേജുകളിലും അദ്ധ്യാപകർ 16 മണിക്കൂർ പഠിപ്പിക്കുന്നുണ്ടെന്നാണ് വിശ്വാസം. ടെെംടേബിളിന്റെ കാര്യത്തിൽ കോളേജുകൾ തരുന്ന വിവരം മാത്രമേ വകുപ്പിന്റെ കെെയിലുളളൂ. വിഷയം പരിശോധിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉത്തരവുണ്ടായാൽ അടിയന്തരമായി അന്വേഷണമുണ്ടാകും.
കെ.കെ സുമ, കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ ഇൻ ചാർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |