കൊല്ലം: ഷാർജയിലെ ഫ്ലാറ്റ് മുറിയിൽ അമ്മ വിപഞ്ചികയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നേകാൽ വയസുകാരിയായ മകൾ വൈഭവിയുടെ ഷാർജയിൽ ഇന്നലെ നിശ്ചയിച്ചിരുന്ന സംസ്കാരം മാറ്റിവച്ചു. ഇന്നലെ ഷാർജയിലെത്തിയ വിപഞ്ചികയുടെ അമ്മയുമായി ഷാർജ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയെ തുടർന്നാണ് വൈഭവിയുടെ പിതാവിന്റെ കുടുംബത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന സംസ്കാരം മാറ്റിയത്.
വൈഭവിയുടെ മൃതദേഹം തങ്ങൾക്ക് വിട്ടുനൽകണമെന്ന ആവശ്യം വിപഞ്ചികയുടെ ഭർത്താവ് നിതീഷിന്റെ കുടുംബം നേരത്തെ ഉന്നയിച്ചിരുന്നു. അമ്മ മരിച്ചതിനാൽ ഷാർജയിലെ നിയമപ്രകാരം പിതാവിന്റെ ആവശ്യം പരിഗണിക്കണം. ഇതുപ്രകാരമാണ് വൈഭവിയുടെ മൃതദേഹം നിതീഷിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. ഇന്നലെ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നിതീഷിന്റെ ബന്ധുക്കളും എത്തിയിരുന്നു.
ഇതിനിടെ വിപഞ്ചികയുടെ അമ്മയെത്തി വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യം ഉന്നയിച്ചതോടെ സംസ്കാരം മാറ്റിവയ്ക്കാൻ കോൺസുലേറ്റ് നിർദ്ദേശം നൽകുകയായിരുന്നു. ഇരുകൂട്ടരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാകും കോൺസുലേറ്റിന്റെ ശ്രമം.
അന്വേഷണം സംസ്ഥാന
ക്രൈം ബ്രാഞ്ചിന്
കുണ്ടറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറും. ഷാർജയിലടക്കം പോയി തെളിവുകൾ ശേഖരിക്കേണ്ടതിനാലാണിത്.
വിപഞ്ചികയുടെ അമ്മ ഷൈലജ നൽകിയ പരാതിയിൽ കുണ്ടറ എസ്.ഐ രജിസ്റ്റർ ചെയ്ത കേസിൽ സ്ത്രീധന പീഡനമടക്കം ചുമത്തിയിട്ടുള്ളതിനാൽ കേസ് ഇന്നലെ
പ്രാഥമികാന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈ.എസ്.പി ഏറ്റെടുത്തു. ഇതിനിടെ കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ എസ്.എച്ച്.ഒ റൂറൽ എസ്.പിക്ക് കത്ത് നൽകി. റൂറൽ എസ്.പി ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, സഹോദരി നീതു, നിതീഷിന്റെ അച്ഛൻ മോഹനൻ എന്നിവരാണ് പ്രതികൾ. സ്ത്രീധന പീഡനത്തിന് പുറമേ ആത്മഹത്യാ പ്രേരണയും ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |