കിളിമാനൂർ: പൊലീസ് ഡ്രൈവറുടെ തെറിവിളി ചോദ്യം ചെയ്ത സ്വകാര്യ ബസ് ഡ്രൈവർക്ക് പൊലീസ് സ്റ്റേഷനിലെ ഇടിമുറിയിൽ ക്രൂരമർദ്ദനം. കിളിമാനൂർ പുതിയകാവ് അഞ്ചുഭവനിൽ അർജുനാണ് (28) കിളിമാനൂർ പൊലീസിനെതിരെ ഐ.ജി, റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയത്. ഓഗസ്റ്റ് 18നായിരുന്നു സംഭവം. കിളിമാനൂർ- പോങ്ങനാട്- കല്ലമ്പലം റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് അർജുൻ. പൊലീസിനെ ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് അർജുൻ പറയുന്നു.
അകാരണമായി കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലും സ്റ്റേഷനിലെ സി.സി ടിവി ക്യാമറയില്ലാത്ത ഇടിമുറിയിലും എത്തിച്ച് സി.ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിച്ചെന്നാണ് പരാതി. സംഭവദിവസം ഉച്ചയ്ക്ക് ഒന്നോടെ യാത്രക്കാരുമായി ബസ് സ്റ്റാൻഡിലേക്ക് കയറവേ, എതിർവശത്തുകൂടി തെറ്റായ ദിശയിൽ സി.ഐ ബി.ജയൻ വാഹനത്തിലെത്തി.
ബസിന് കുറുകെയിട്ട പൊലീസ് വാഹനത്തിന്റെ ഡ്രൈവർ തെറിവിളിച്ചപ്പോൾ എന്തിനാണ് തെറിവിളിച്ചതെന്ന് ചോദിച്ചു. ഉടൻ കസ്റ്റഡിയിലെടുത്തു. ജീപ്പിനുള്ളിൽ വച്ച് മർദ്ദിച്ചതിനെ തുടർന്ന് നിലവിളിച്ചപ്പോൾ ടവ്വൽ വായിൽ തിരുകിക്കയറ്റിയെന്നും പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി. തുടർചികിത്സയ്ക്കായി കല്ലറ തറട്ട സി.എച്ച്.സിയിലെത്തിയെങ്കിലും പൊലീസ് ഇടപെട്ട് പിറ്റേന്ന് ആശുപത്രിയിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു.
വ്യാജ പരാതിയെന്ന് പൊലീസ്
പരാതി വ്യാജമാണെന്നും ഒരുമാസം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതിയുമായി എത്തിയത് ഗൂഢാലോചനയാണെന്നും സി.ഐ ബി.ജയൻ പറഞ്ഞു. അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ യുവാവ് പൊലീസിനോട് അപമര്യാദയായി പെരുമാറി. സ്റ്റേഷനിലെത്തിച്ചപ്പോഴും വാക്കേറ്റം നടത്തി. തുടർന്ന് കേസെടുത്ത് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |